ബെംഗളൂരു: ഡോക്‌ടറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്‌ത് ഹിജാബ് വിരുദ്ധ പോസ്‌റ്റിട്ടതായി പരാതി. ദക്ഷിണ കന്നഡ ഉജിരെ സ്വദേശിയും പീഡിയാട്രീഷനുമായ ഡോ.ശാന്തനു ആർ പ്രഭുവാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പ്രസ്‌തുത ട്വീറ്റ് കാരണം സമൂഹത്തിൽ തന്റെ പ്രതിച്ഛായ നഷ്‌ടപ്പെട്ടുവെന്നും അക്കൗണ്ട് ഹാക്ക് ചെയ്‌തവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. വിദ്യാർഥിനികളും സ്‌ത്രീകളും ഹിജാബ് ധരിക്കേണ്ടതില്ലെന്നായിരുന്നു ട്വീറ്റ്. ഇത് താലിബാനോ സൗദി അറേബ്യയോ അല്ലെന്നും ഹിജാബ് ധരിക്കണമെങ്കിൽ മദ്രസയിൽ പോകൂ എന്നും ട്വീറ്റിൽ പറയുന്നു.
ഡോക്‌ടർ ഒരു കുഞ്ഞിനെ കയ്യിലേന്തിയ ചിത്രവും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്‌റ്റ് ചൂണ്ടിക്കാട്ടി തനിക്കെതിരെയും ജോലി ചെയ്യുന്ന ആശുപത്രിക്കെതിരെയും ചിലർ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു.
അതേസമയം, കർണാടകയിൽ ഹിജാബിനെതിരായ പ്രതിഷേധം കനക്കുകയാണ്. ഷിരാലക്കോപ്പ താലൂക്കിലെ ശിവമോഗ ജില്ലയിൽ ഹിജാബ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധം നടത്തിയ കർണാടക സ്‌കൂളിലെ 58 വിദ്യാർഥിനികളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. മറ്റ് പ്രതിഷേധക്കാർക്ക് എതിരെയും സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്.
Most Read: 84കാരിയായ കാമുകിയുമായി ഒളിച്ചോടി; വയോധികന് തടവുശിക്ഷ