കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്‌ക്കെതിരെ പരാതിയുമായി വിദ്യർഥികൾ. വർഷങ്ങൾക്ക് മുൻപ് നടത്തിയ പരീക്ഷകളിൽ തോറ്റ വിദ്യാർഥികൾക്ക് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നുവെന്ന് കാണിച്ചാണ് പുതിയ വിവാദം. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്. 2014 സ്‌കീമിൽ ബിടെക് പരീക്ഷ എഴുതി പരാജയപെട്ടവർക്ക് ഇരുപത് മാർക്ക് വരെ നൽകാൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിർദ്ദേശം നൽകിയതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
അതേസമയം, ഈ മാസം 24ന് ചേരുന്ന അക്കാദമിക് കൗൺസിൽ യോഗത്തിൽ ഈ വിഷയം പരിഗണിക്കും. സർവകലാശാല നിയമപ്രകാരം വൈസ് ചാൻസലർക്കോ അക്കാദമിക് കൗൺസിലിനോ മാർക്ക് കൂട്ടി നൽകാൻ അധികാരമില്ല. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ വൈസ് ചാൻസലർക്ക് സാധിക്കും. എന്നാൽ പരീക്ഷാ ബോർഡിന് മാത്രമാണ് മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരം ഉള്ളത്.
പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ പരീക്ഷാ ഫലം മാറ്റാൻ ആർക്കും അധികാരം ഇല്ലെന്നാണ് സർവകലാശാലാ നിയമം. വൈസ് ചാൻസലർ മാർക്ക് ദാനത്തിന് ക്രമവിരുദ്ധമായി നിലപാട് സ്വീകരിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. നേരത്തേ എംജി സർവകലാശാലയിലും സമാന വിവാദം ഉണ്ടായിരുന്നു. അന്ന് ഗവർണർ ഇടപെട്ട് ഉത്തരവ് റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.
Read Also: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി; നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു