പാലക്കാട്: പാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. ഏറെ നാളായി പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങികിടക്കുകയായിരുന്നു. പാലക്കുഴി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി തിണ്ടില്ലം വെള്ളച്ചാട്ടത്തിന് കുറുകെ നിർമിച്ചിട്ടുള്ള അണക്കെട്ടിന്റെ മുകളിലൂടെയുള്ള പാലത്തിന്റെ പ്രവൃത്തിയാണ് നിലവിൽ പുനരാംഭിച്ചിട്ടുള്ളത്.
13 കോടി രൂപയാണ് പദ്ധതിയുടെ നിർമാണ ചിലവ്. പ്രതിവർഷം 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നത്. കരാർ പ്രകാരം പാദ്ധതിയുടെ നിർമാണ പ്രവൃത്തികൾ 2019ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, കരാർ കമ്പനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി നീണ്ടുപോകാൻ കാരണമായത്. അതേസമയം, ഈ വർഷം ഡിസംബറോടെ പാലത്തിന്റെ ജോലി പൂർത്തിയാക്കുമെന്ന് പദ്ധതിയുടെ ചീഫ് എൻജിനിയർ ഇസി പത്‌മരാജൻ പറഞ്ഞു.
തുടർന്ന്, വനംവകുപ്പിന്റെ അനുമതി കിട്ടിയാൽ അണക്കെട്ടിൽ പവർഹൗസിലേക്കുള്ള പൈപ്പിടൽ നടത്തും. പവർഹൗസിന്റെ പണി വൈകാതെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബിനുമോളുടെ നേതൃത്വത്തിലുള്ള സംഘം ജലവൈദ്യുത പദ്ധതിപ്രദേശം സന്ദർശിച്ച് നിർമാണ പ്രവൃത്തികൾ വിലയിരുത്തി.
Read Also: റീബിൽഡ് കേരള; സംസ്‌ഥാനപാത നവീകരണത്തിനായി മരങ്ങൾ മുറിച്ചുതുടങ്ങി