കൊൽക്കത്ത: കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വീണ്ടും രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം മാത്രമാണ് നടത്തുന്നതെന്ന് മമത കുറ്റപ്പെടുത്തി. സംസ്‌ഥാനത്തെ കോവിഡ് രോഗികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നും ക്രമീകരണങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മമത പറഞ്ഞു. “കോവിഡിനെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. ഞാൻ നിങ്ങൾക്ക് കവലിനുണ്ട്,”- മമത പറഞ്ഞു.
സംസ്‌ഥാനത്ത് ഏഴാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് മമതയുടെ പ്രസ്‌താവന. എട്ട് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിന്റെ അവസാന ഘട്ടം ഏപ്രിൽ 29ന് നടക്കും. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
തിരഞ്ഞെടുപ്പ് റാലികളേക്കാൾ കൂടുതൽ കോവിഡ് അവലോകന യോഗങ്ങളിലാണ് താൻ പങ്കെടുക്കുന്നത് എന്നും മമത പറഞ്ഞു. ” പ്രധാനമന്ത്രി മൻകി ബാത്ത് നടത്തുന്നു, ആർക്കാണ് അതിൽ താൽപര്യം? ഞങ്ങൾക്ക് കോവിഡിനെ കുറിച്ചാണ് കേൾക്കേണ്ടത്. ഞങ്ങൾക്കുള്ള ഓക്‌സിജൻ ഉത്തർപ്രദേശിലേക്ക് തിരിച്ചു വിടുകയാണ്. മോദി പ്രസംഗിച്ച് ഓടിപ്പോകുന്നു. ഇപ്പോൾ വാക്‌സിനുകൾ നൽകിയിരുന്നെങ്കിൽ, രോഗവ്യാപനം കുറയുമായിരുന്നു. പകരം, കേന്ദ്ര സർക്കാർ 80 രാജ്യങ്ങളിലേക്ക് വാക്‌സിൻ സൗജന്യമായി അയച്ചു,”- മമത പറഞ്ഞു.
“ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങൾ സ്‌ഥിതിഗതികൾ മറച്ചുവെക്കാൻ തന്ത്രപൂർവം ശ്രമിക്കുകയാണ്. ഉത്തർപ്രദേശ് ശ്‌മശാനത്തിന് ചുറ്റും മതിലുകൾ സ്‌ഥാപിച്ചിട്ടുണ്ട്. അസമിലും ത്രിപുരയിലും സമാനമാണ്. ഒരു രാഷ്‌ട്രം, ഒരു നേതാവ് എന്ന് പ്രധാനമന്ത്രി പറയുന്നു. എന്തുകൊണ്ട് വാക്‌സിനേഷന് ഒറ്റ വില നിശ്‌ചയിക്കുന്നില്ല? എന്തുകൊണ്ടാണ് കേന്ദ്രത്തിന് ഒരു വില, സംസ്‌ഥാനങ്ങൾക്ക് മറ്റൊന്ന്? എന്തുകൊണ്ട് എല്ലാ വാക്‌സിനുകളും ഗുജറാത്തിലേക്കും ഉത്തർപ്രദേശിലേക്കും പോകുന്നു? “- മമത ചോദിച്ചു.
Also Read: 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ സ്വകാര്യ കേന്ദ്രങ്ങൾ വഴി മാത്രം; കേന്ദ്ര സർക്കാർ