തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം ഡോ. എം ലീലാവതിക്ക്. 3 ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. സി രാധാകൃഷ്‌ണൻ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ നിശ്‌ചയിച്ചത്. പ്രഭാവർമ, ഡോ. അനിൽ വള്ളത്തോൾ എന്നിവരാണ് പുരസ്‌കാര നിർണയസമിതിയിൽ ഉണ്ടായിരുന്നത്.
അധ്യാപിക, കവയത്രി, ജീവചരിത്ര രചയിതാവ്, വിവർത്തക എന്നീ തലങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ കൊണ്ട് പ്രസിദ്ധയാണ് ലീലാവതി ടീച്ചർ. വർണരാജി, അപ്പുവിന്റെ അന്വേഷണം, നവതരംഗം തുടങ്ങിയവയാണ് പ്രധാന രചനകൾ.
പ്രസാദാത്‌മകമായ ആസ്വാദനത്തിന്റെ ഭാവാത്‌മകമായ ശൈലിയിലൂടെ രചനകളുടെ മാധുര്യം അനുവാചകനെ അനുഭവിപ്പിക്കുന്ന സവിശേഷ ശൈലി കൊണ്ട് മലയാള സാഹിത്യ നിരൂപണ ചരിത്രത്തിൽ മികവോടും തെളിമയോടുംകൂടി ലീലാവതി ടീച്ചർ വേറിട്ടു നിൽക്കുന്നുവെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി.
നാലാമത്തെ ഒഎൻവി പുരസ്‌കാരമാണ് സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ലഭിച്ചത്. സുഗതകുമാരി, എംടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി തുടങ്ങിയവർക്കാണ് നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. പുരസ്‌കാരം, കൊച്ചിയിലെ വസതിയിലെത്തി സമർപ്പിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്‌ണൻ അറിയിച്ചു.
Read also: നിത്യാനന്ദയുടെ കൈലാസത്തിലേക്ക് യാത്ര; ഓസ്ട്രേലിയയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ്