മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. നേരത്തെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും പ്രത്യേക എൻഡിപിഎസ് കോടതിയും തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, ആര്യൻ ഖാൻ ഉൾപ്പടെ കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഹൈക്കോടതിയിൽ എതിർക്കും. അന്വേഷണം പ്രാരംഭ ഘട്ടത്തിൽ ആയതിനാൽ ആര്യൻ ഖാന് ജാമ്യം നൽകരുതെന്ന് ഇന്ന് ഹരജി പരിഗണിക്കുമ്പോൾ എൻസിബി കോടതിയിൽ വാദിക്കും. ആര്യന്റെ വാട്‍സ്ആപ്പ് സന്ദേശങ്ങളും എൻസിബി കോടതിക്ക് കൈമാറും. ഫോൺ സന്ദേശങ്ങൾ പരിശോധിച്ചത് വഴി കേസിലെ വിദേശബന്ധം വ്യക്‌തമായതായും എൻസിബി അറിയിക്കും.
ഒക്‌ടോബർ രണ്ടിന് മുംബൈ തീരത്ത് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ അറസ്‌റ്റ് ചെയ്‌തത്. എൻസിബി സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
കപ്പലിൽ നടത്തിയ റെയ്‌ഡിൽ കൊക്കെയ്ൻ, എംഡി, ചരസ്, എംഡിഎംഎ ഗുളികകൾ തുടങ്ങിയ ലഹരി വസ്‌തുക്കൾ എൻസിബി ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തിരുന്നു. കേസിൽ ഇതുവരെ 20 പേരെ എൻസിബി അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Most Read: ‘ഇവരുടെ മനസില്‍ വെറുപ്പും വിദ്വേഷവുമാണ്’; ഷമിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി