കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ അടിയന്തിര റിപ്പോർട് തേടി ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്. ജില്ലാ വികസന സമിതി യോഗത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ വിഷയം ഉന്നയിച്ചതിനെ തുടർന്നാണ് കളക്‌ടറുടെ നടപടി. ഈ മാസം മൂന്നിനാണ് കാസർഗോഡ് കുംബഡാജെ ഗ്രാമപഞ്ചായത്തിലെ മൗവാർ എരിഞ്ചയിലെ മുക്കൂർ ആദിവാസി കോളനിയിലെ മോഹനൻ-ഉഷ ദമ്പതികളുടെ മകൾ ഹർഷിത മരിച്ചത്.
ഒരു മാസത്തിനിടെ ജില്ലയിൽ മരിക്കുന്ന മൂന്നാമത്തെ കുട്ടിയാണിത്. കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് കളക്‌ടർ പറഞ്ഞു. പോഷകാഹാര കുറവ്, ജനിതകപരമായ പ്രശ്‌നങ്ങൾ കാരണം കുട്ടികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ജില്ലാ മെഡിക്കൽ ഓഫിസറും, സാമൂഹിക നീതി ഓഫിസറും വനിതാ ശിശു വികസന വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് എംഎൽഎ ആവശ്യപ്പെടുന്നത്.
വിഷയത്തിൽ വിശദമായ റിപ്പോർട് സമർപ്പിക്കാൻ കളക്‌ടർ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് നിർദ്ദേശം നൽകി. എൻഡോസൾഫാൻ ബാധിത മേഖലക്ക് പുറമെ ജില്ലയിലെ മറ്റ് മേഖലകളിലും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുമെന്ന് കളക്‌ടർ പറഞ്ഞു. ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തി എൻഡോസൾഫാൻ ചികിൽസാ ഫീസിൽ നിന്നുള്ള തുക ദേശീയ ആരോഗ്യ ദൗത്യം മുഖേന ചികിൽസക്കായി വിനിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
Most Read: ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി