ന്യൂ ഡെൽഹി: ചാരവൃത്തി കേസിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ രാജീവ് ശർമയെ ഡെൽഹി കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു. രാജീവ് ശർമയുടെ അഭിഭാഷകനായ ആദിഷ് അഗാർവലയാണ് വിവരം പുറത്തുവിട്ടത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരങ്ങൾ കൈമാറിയെന്ന കുറ്റം ആരോപിക്കപ്പെട്ടാണ് ഇയാൾ അറസ്‌റ്റിലായത്.
ഇതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ചൈനീസ് വനിത, നേപ്പാൾ സ്വദേശി എന്നിവരെയും ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതായാണ് സൂചന. ഡെൽഹി പോലീസ് അറിയിക്കുന്നത് അനുസരിച്ച് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതും, സൈനിക രഹസ്യങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇയാൾ ചോർത്താൻ ശ്രമിച്ചത്. സ്‌പെഷ്യൽ സെല്ലിനായിരുന്നു അന്വേഷണ ചുമതല.
സെപ്റ്റംബർ 14-നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. 61-കാരനായ ശർമയിൽ നിന്നും ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ വിവരങ്ങളും ചൈനീസ് ഉദ്യോഗസ്ഥർ ചോദിച്ചറിഞ്ഞിരുന്നു. പിടിയിലായ വിദേശികൾ മുഖേനയാണ് ശർമ്മക്ക് വൻ തുക ലഭിച്ചിരുന്നത് എന്നും പോലീസ് അറിയിക്കുന്നു.
Read Also: വടക്ക്-കിഴക്കന്‍ വിമത ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ 2024 ഓടെ പരിഹരിക്കപ്പെടും: അമിത് ഷാ