എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ

By Trainee Reporter, Malabar News
shashi tharoor
Ajwa Travels

തിരുവനന്തപുരം: കേരള രാഷ്‌ട്രീയത്തിൽ സജീവമാകാനുള്ള നിലപാടിൽ നിന്നും വ്യതിചലിച്ച് ശശി തരൂർ. നിയമസഭാ തിരഞ്ഞെടുപ്പ് 2026ൽ ആണെന്നും ഏത് തിരഞ്ഞെടുപ്പിൽ മൽസരിക്കണം എന്നതിൽ പാർട്ടിയാണ് തീരുമാനം എടുക്കുന്നതെന്നും തരൂർ വിശദീകരിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിനെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ വിമർശിച്ചതോടെയാണ് ഈ നിലപാട് മാറ്റം.

അതേസമയം, ”മുഖ്യമന്ത്രി സ്‌ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന പ്രസ്‌താവനകൾ വിവാദമാക്കേണ്ടതില്ല. മുഖ്യമന്ത്രി ആകാൻ താൽപര്യം ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറയുക മാത്രമാണ് ചെയ്‌തത്‌. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് പാർട്ടിയും ജനങ്ങളും ആണെന്നും” തരൂർ പറഞ്ഞു.

”2026ൽ ആണ് നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് മുമ്പ് ഇതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും” തരൂർ പറഞ്ഞു. സമസ്‌ത ആസ്‌ഥാനത്ത് ജിഫ്‌രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ശശി തരൂർ.

”മുഖ്യമന്ത്രി പദത്തിന് ആഗ്രഹമുണ്ട്, നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും. കേരളമാകും അടുത്ത കർമ മണ്ഡലം”-പാർട്ടിയെ വെട്ടിലാക്കിയ പ്രസ്‌താവനകൾ നടത്തിയ തരൂരിനെ ദേശീയ നേതൃത്വമാണ് ആദ്യം തള്ളിപ്പറഞ്ഞത്. പിന്നാലെ, കെപിസിസി അധ്യക്ഷൻ കെ സുധാകരനും തരൂരിന് മുന്നറിയിപ്പ് നൽകി. തുടർന്ന് കോൺഗസ് നേതാക്കളും കൂട്ടത്തോടെ വിമർശനം ഉന്നയിച്ചു.

സ്വയം സ്‌ഥാനാർഥി പ്രഖ്യാപനത്തിനെതിരെ ഒറ്റക്കെട്ടായി നേതാക്കൾ രംഗത്ത് ഇറങ്ങിയതോടെയാണ് മാദ്ധ്യമങ്ങളെ പഴിച്ചു ശശി തരൂർ നിലപാട് മാറ്റിയത്. തിരുവനന്തപുരത്ത് ലീഡർ സെന്ററിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉൽഘാടന ചടങ്ങിൽ നേതാക്കൾ കൂട്ടത്തോടെ ലക്ഷ്യമിട്ടത് തരൂരിനെ ആയിരുന്നു.

തരൂരിനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയേണ്ടെന്നും ആരെങ്കിലും കോട്ട് തയ്ച്ചു വെച്ചിട്ടുണ്ടെങ്കിൽ ഊരി വെച്ചേയ്‌ക്കണം എന്നുമായിരുന്നു ചെന്നിത്തലയുടെ പരാമർശം. പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”നാല് വർഷം കഴിഞ്ഞു താൻ ഇന്നത് ആകുമെന്ന് ഇപ്പോൾ ആരും പറയേണ്ട കാര്യമില്ല. നാല് വർഷം കഴിഞ്ഞു കേരളത്തിലും ഇന്ത്യയിലും എന്താണ് സംഭവിക്കുകയെന്ന് ഇപ്പോൾ ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്ച്ചു വെച്ചിട്ടുണ്ടെങ്കിൽ അതങ്ങു ഊരി വെച്ച്, പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങണമെന്ന അഭ്യർഥനയാണുള്ളത്”-ചെന്നിത്തല പറഞ്ഞു.

തരൂർ വിഷയത്തിൽ കെ മുരളീധരനും കെസി വേണുഗോപാലും അടക്കമുള്ള നേതാക്കളും രംഗത്തെത്തി. പാർട്ടിയിലെ സ്‌ഥാനാർഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പറ്റിയാണ് ആലോചിക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിനെപ്പറ്റി ചിന്തിക്കേണ്ടി വരില്ലെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു.

എന്ത് പറയാനുണ്ടെങ്കിലും അത് പാർട്ടിയിൽ പറയണമെന്ന് കെസി വേണുഗോപാലും പ്രതികരിച്ചു. ഒരു മാസത്തിനിടെ മൂന്ന് തവണ കെപിസിസി യോഗം വിളിച്ചു. കോൺഗ്രസുകാർ പരസ്‌പരം പറയുന്നത് ചർച്ചയാകാൻ ഇടവരുത്തരുതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതിനിടെ, ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂർ എന്ന് സമസ്‌ത അഭിപ്രായപ്പെട്ടു. തരൂർ നടത്തുന്നത് കോൺഗ്രസിനെ ശക്‌തിപ്പെടുത്താനുള്ള പര്യടനമാണ്. കോൺഗ്രസിനോട് സമസ്‌തക്ക് നല്ല സമീപനം ആണെന്നും സമസ്‌ത പ്രസിഡണ്ട് ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്‌ചക്ക് പിന്നാലെയാണ് പ്രതികരണം.

എല്ലാ സമുദായങ്ങളെയും ഉൾക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. കോൺഗ്രസിൽ തരൂരിന് എതിരായ ഗ്രൂപ്പുകൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയാമെന്നും സമസ്‌ത വ്യക്‌തമാക്കി.

Most Read: 51 ദിവസം, 3200 കിലോമീറ്റർ ദൂരം; ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല യാത്രക്ക് തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE