കണ്ണൂർ: ജില്ലയിൽ പച്ചക്കറികൾക്ക് അമിത വിലയെന്ന് റിപ്പോർട്. കിലോയ്‌ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ 42 രൂപവരെ എത്തി നിൽക്കുകയാണ്. തക്കാളിക്ക് കിലോയ്‌ക്ക് 50 രൂപയായി. പയർ, ബീൻസ് തുടങ്ങിയവയ്‌ക്കും വില വർധിച്ചിട്ടുണ്ട്. അതേസമയം, നവരാത്രി കാലത്ത് പച്ചക്കറികൾക്ക് വില വർധിച്ചതോടെ ജനങ്ങൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
ഇന്നലെ ജില്ലയിലെ വിവിധ സ്‌ഥലങ്ങളിൽ ഒരുകിലോ ഉള്ളിക്ക് 40 രൂപാ നിരക്കിലായിരുന്നു വിപണനം നടത്തിയിരിക്കുന്നത്. എന്നാൽ, ഇന്നേക്ക് അത് 42 രൂപയിൽ എത്തി. കൂടാതെ, പയറിനും ബീൻസിനും 30 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 60-70 രൂപയിൽ എത്തിനിൽക്കുന്നതായും കച്ചവടക്കാർ പറയുന്നു. സമീപ സംസ്‌ഥാനങ്ങളിലേക്ക് തക്കാളി അയക്കുന്നത് കൂടിയതോടെ കേരളത്തിലെ വരവിന് ക്ഷാമം നേരിട്ടു. ഇതാണ് തക്കാളിക്ക് വില കൂടാനുള്ള കാരണം.
അതേസമയം, പൂനെയിൽ നിന്നും നാസിക്കിൽ നിന്നും വരവ് കുറഞ്ഞതാണ് ജില്ലയിൽ വിലവർധനവിന് കാരണമായതെന്നാണ് കച്ചവടക്കാർ പറയുന്നത്. കർണാടകയിൽ നിന്നുള്ള ഉള്ളിക്ക് ജില്ലയിൽ ആവശ്യക്കാർ കുറവാണെന്നും വിൽപനക്കാർ പറയുന്നു. കർണാടക ഉള്ളിക്ക് 30 രൂപയാണ് വില. മംഗളൂരു, ഹാസൻ ഭാഗങ്ങളിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് ജില്ലയിൽ കൂടുതൽ പച്ചക്കറികൾ എത്തുന്നത്.
Most Read: ലഖിംപൂർ; ചോദ്യം ചെയ്യാനിരിക്കെ മന്ത്രിപുത്രൻ ഒളിവിൽ