സംസ്‌ഥാനത്ത്‌ വരുന്ന നാലാഴ്‌ച അതീവ ജാഗ്രത പുലർത്തണം; ആരോഗ്യമന്ത്രി

By Staff Reporter, Malabar News
veena-george
ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുന്ന നാലാഴ്‌ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സ്‌ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ ചേരും. കോവിഡ് വ്യാപനം തുടരുമ്പോഴാണ് ഓണവും കൂടിയെത്തിയത്. അതിനാലാണ് കടകള്‍ക്കും കച്ചവട സ്‌ഥാപനങ്ങള്‍ക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ കുറച്ചത്. എന്നാല്‍ പലയിടങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ തെറ്റിച്ചുകൊണ്ട് ആള്‍ത്തിരക്കുണ്ടാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

അതീവ വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് പല പ്രദേശങ്ങളും. ഇതിനൊപ്പം മൂന്നാം തരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതിനാല്‍ തന്നെ ഓണാവധി കഴിഞ്ഞ് സ്‌ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോള്‍ എല്ലാവരും ഒരുപോലെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്‌ജമാക്കി വരുന്നു. വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐസിയുകളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്.

വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന് കണ്ടെത്തലുകളുണ്ട്, ഇതിനാൽ പീഡിയാട്രിക് ചികിൽസാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്‌സിജന്‍ പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്‌ജമാക്കുന്നത്.

ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. സംസ്‌ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. നിര്‍മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെഎംഎസ്‌സിഎല്‍ ബഫര്‍ സ്‌റ്റോക്കായി 80 മെട്രിക് ടണും ഓക്‌സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്‌സിജനുമുണ്ട്. 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളാണ് പുതുതായി ഒരുക്കി വരുന്നത്.

ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്‌സിജന്‍ അധികമായി നിര്‍മിക്കാന്‍ സാധിക്കും. ഇതില്‍ 9 എണ്ണം പ്രവര്‍ത്തന സജ്‌ജമായി കഴിഞ്ഞു. സംസ്‌ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ സ്‌ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം 13 മെട്രിക് ടണ്‍ ഓക്‌സിജന്‍ പ്രതിദിനം നിര്‍മിക്കുന്നതിനുള്ള ഓക്‌സിജന്‍ ജനറേഷന്‍ സിസ്‌റ്റം സ്വകാര്യ ആശുപത്രികളിലും സ്‌ഥാപിച്ചു കഴിഞ്ഞു.

oxygen-plant
Representational Image

മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും കോവിഡ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ അത് സ്വാഭാവികമായും വീട്ടിലുള്ള മറ്റുള്ളവരിലേക്ക് വ്യാപിക്കുന്ന സ്‌ഥിതിയാണുള്ളത്. അതിനാല്‍ നിര്‍ബന്ധമായും ക്വാറന്റെയ്ൻ വ്യവസ്‌ഥകള്‍ പാലിക്കണം. വയോജനങ്ങള്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും രോഗം വന്നാല്‍ മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. അടച്ചിട്ട സ്‌ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്‌ഥാപനങ്ങളും ഓഫിസുകളും ജാഗ്രത പാലിക്കണം. ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.

പരിശോധനകള്‍ പരമാവധി വര്‍ധിപ്പിക്കും. ചുമ, തൊണ്ടവേദന, പനി, ജലദോഷം, ശരീര വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാല്‍ യാത്ര നടത്താതെ കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം. മൂക്കും വായും ശരിയായി മൂടത്തക്ക വിധം ഡബിള്‍ മാസ്‌കോ എന്‍-95 മാസ്‌കോ ധരിക്കണം. വ്യക്‌തികള്‍ തമ്മില്‍ ചുരുങ്ങിയത് 2 മീറ്റര്‍ അകലം പാലിക്കുകയും കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് അണു വിമുക്‌തമാക്കുകയോ ചെയ്യണം.

പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്‌സിന്‍ എടുത്തെന്ന് കരുതി ആരും ജാഗ്രത കൈവിടരുത്. അടുത്ത കാലത്തുണ്ടായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വാക്‌സിന്‍ എടുത്തവര്‍ മുന്‍കരുതലുകൾ എടുത്തില്ലെങ്കില്‍ അവരിലൂടെ ഡെല്‍റ്റ വകഭേദം കൂടുതലായി വ്യാപിക്കുമെന്നാണ്. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE