കാസർഗോഡ്: എറണാകുളം മഹാരാജാസിന്റെ പേരിൽ വ്യാജരേഖ ചമച്ചു തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നേടിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തു. മഹാരാജാസ് കോളേജ് അധികൃതർ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ജൂൺ രണ്ടിനായിരുന്നു സംഭവം.
അട്ടപ്പാടി ഗവ. കോളേജിൽ ഗസ്‌റ്റ് ലക്ച്ചർ അഭിമുഖത്തിന് എത്തിയപ്പോഴാണ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ രണ്ടു വർഷത്തെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. അഭിമുഖ പാനലിൽ ഉണ്ടായിരുന്നവർക്ക് തോന്നിയ സംശയത്തിലാണ് വ്യാജരേഖയാണെന്ന സ്‌ഥിരീകരണത്തിൽ എത്തിയത്. എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗത്തിൽ പരിവൃത്തിപരിചയം ഉണ്ടെന്നാണ് വിദ്യ അഭിമുഖ പാനലിന് ഹാജരാക്കിയ രേഖ.
എന്നാൽ, പാനലിൽ ഉള്ളവർക്ക് മഹാരാജാസിലെ ലോഗോയിലും സീലിലും സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്ന് സ്‌ഥിരീകരിക്കുക ആയിരുന്നു. 2018-19, 2020-21 കാലയളവിൽ മഹരാജാസിൽ ഗസ്‌റ്റ് ലക്ച്ചറായി ജോലി ചെയ്‌തെന്നാണ് രേഖയിൽ ഉണ്ടായിരുന്നത്. എന്നാൽ, പത്ത് വർഷമായി മലയാള വിഭാഗത്തിൽ ഗസ്‌റ്റ് ലക്ച്ചർമാരെ നിയമിച്ചിട്ടില്ലെന്ന് കോളേജ് അധികൃതർ വ്യക്‌തമാക്കി.
കോളേജ് കൗൺസിൽ ചേർന്ന ശേഷം സംഭവത്തെ കുറിച്ച് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് അട്ടപ്പാടി പോലീസിന് കൈമാറും. അതേസമയം, മുൻപ് പാലക്കാടും കാസർഗോഡുമുള്ള രണ്ടു ഗവ. കോളേജുകളിൽ വിദ്യ ജോലി ചെയ്‌തിട്ടുണ്ട്. ഇവിടെയും വ്യാജരേഖ സമർപ്പിക്കാൻ നിയമനം നേടിയതെന്നാണ് വിവരം. എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയുടെ അറിവോടെയും സഹായത്തോടെയുമാണ് വ്യാജരേഖ ചമച്ചു ഉദ്യോഗാർഥി ജോലി നേടിയതെന്നാണ് വിവരം.
Most Read: സംസ്‌ഥാനത്ത് അടുത്ത വർഷം മുതൽ ബിരുദ കോഴ്‌സുകൾ നാല് വർഷം; മന്ത്രി ആർ ബിന്ദു