തിരുവനന്തപുരം: സംസ്‌ഥാനത്ത് ബിരുദ കോഴ്‌സുകൾ അടുത്ത വർഷം മുതൽ നാല് വർഷമാക്കി. മൂന്ന് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം കൂടി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. മൂന്ന് വർഷം കഴിയുമ്പോൾ വിദ്യാർഥികൾക്ക് എക്‌സിറ്റ് ഓപ്ഷൻ ഉണ്ടാകും. മൂന്നാം വർഷം പൂർത്തിയാകുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും. താൽപര്യം ഉള്ളവർക്ക് നാലാം വർഷ ബിരുദ കോഴ്‌സ് തുടരാമെന്നും മന്ത്രി അറിയിച്ചു.
നാലാം വർഷം കോഴ്‌സ് തുടരുന്നവർക്ക് ഓണേഴ്‌സ് ബിരുദം നൽകും. നാലാം വർഷം ഗവേഷണത്തിനായിരിക്കും പ്രാധാന്യം നൽകുക. ഈ വർഷം കോളേജുകളെ ഇതിനായി നിർബന്ധിക്കില്ല. എക്‌സിറ്റ് സർട്ടിഫിക്കറ്റ് മൂന്നാം വർഷത്തിൽ മാത്രമേ നൽകൂ. ഇടയ്‌ക്ക് പഠനം നിർത്തിയ കുട്ടികൾക്ക് റീ എൻട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് വർഷ ബിരുദ കോഴ്‌സിന്റെ കരിക്കുലം തയ്യാറാക്കി സർവകലാശാലകൾക്ക് നൽകിയിട്ടുണ്ട്. അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളിലും നാല് വർഷ ബിരുദ കോഴ്‌സ് ആയിരിക്കും. ഈ വർഷം പരീക്ഷണാടിസ്‌ഥാനത്തിൽ കോഴ്‌സ് നടത്താമെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം, സാധ്യമായ കോളേജുകളിൽ നാല് വർഷ ബിരുദ കോഴ്‌സ് തുടങ്ങാമെന്ന് സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്.
Most Read: ബിരുദ വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രതിഷേധം ശക്‌തം- അമൽജ്യോതി കോളേജ് അടച്ചു