കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ചു പോലീസ്. പ്രതിയായ വിദ്യയെ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം ആരംഭിച്ചു. വിദ്യ എത്തിയത് മണ്ണാർക്കാട് രജിസ്‌റ്റർ ചെയ്‌ത കാറിലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായത്. എന്നാൽ, കാറിൽ ഉണ്ടായിരുന്നത് ആരെന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല.
കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തിയിരുന്നു. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്‌തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തുപോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലേക്കെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അതേസമയം, പാലക്കാട് പത്തിരിപ്പാല കോളേജിലും പോലീസ് അന്വേഷണം നടത്തും. 2021-22 അധ്യയന വർഷത്തിലാണ് വിദ്യ ഇവിടെ പഠിപ്പിച്ചത്. വിദ്യ എന്തെങ്കിലും രേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. അധ്യാപകരുടെ മൊഴിയും എടുക്കും. കാസർഗോഡ് നീലേശ്വരം പോലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളേജിന്റെ സീലും ഉദ്യോഗസ്‌ഥരുടെ ഒപ്പുകളും ശേഖരിച്ചു. കേസെടുത്ത് ഒമ്പതാം ദിവസമായിട്ടും ദിവ്യ ഒളിവിൽ തുടരുകയാണ്.
Most Read: മോൻസൺ മാവുങ്കൽ കേസ്; ഐജി ലക്ഷ്‌മണക്കും മുൻ ഡിഐജിക്കും ക്രൈം ബ്രാഞ്ച് ഇന്ന് നോട്ടീസ് അയക്കും