പുൽപ്പളളി: വയനാട് പുൽപ്പള്ളിയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണ വിധേയനായ, വയനാട് പുൽപ്പള്ളി സഹകരണ ബാങ്കിലെ മുൻ പ്രസിഡണ്ടും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം പോലീസ് കസ്‌റ്റഡിയിൽ. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് ഇദ്ദേഹത്തെ പുൽപ്പള്ളിയിലെ വീട്ടിൽ നിന്ന് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ ശാരീരിക അസ്വാസ്‌ഥ്യത്തെ തുടർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായ്‌പകൾ ക്രമവിരുദ്ധമായി നൽകിയത് കെകെ എബ്രഹാമായിരുന്നു എന്നാണ് കേസിലെ പ്രധാന ആരോപണം. ബാങ്ക് മുൻ ഭരണസമിതി വൈസ് പ്രസിഡണ്ട് ടിഎസ് കുര്യനാണ് എബ്രഹാമിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. ആത്‍മഹത്യ ചെയ്‌ത രാജേന്ദ്രൻ നായരുടെ പേരിൽ 25 ലക്ഷം രൂപ വായ്‌പ എടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് ടിഎസ് കുര്യൻ ആരോപിച്ചിരുന്നു.
മുൻ ഭരണസമിതി പ്രസിഡണ്ടും സഹായിയും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കോടികളാണ് കർഷകർ ഉൾപ്പടെ ഉള്ളവരുടെ പേരിൽ തട്ടിയെടുത്തതെന്നും ടിഎസ് കുര്യൻ ആരോപിച്ചിരുന്നു. ഇന്നലെയാണ് വയനാട് പുൽപ്പള്ളി സർവീസ് സഹകരണ വായ്‌പാ തട്ടിപ്പ് കേസിലെ പരാതിക്കാരനായ രാജേന്ദ്രൻ നായരെ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പകമൂല സ്വദേശിയാണ് രാജേന്ദ്രൻ. രാജേന്ദ്രൻ 40 ലക്ഷം രൂപ കുടിശിക ഉണ്ടെന്നാണ് ബാങ്ക് രേഖകളിൽ ഉള്ളത്.
എന്നാൽ, 80,000 രൂപ മാത്രമാണ് വായ്‌പ എടുത്തതെന്നും ബാക്കി തുക തന്റെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണസമിതി തട്ടിയെടുത്തു എന്നുമായിരുന്നു രാജേന്ദ്രന്റെ പരാതി. ഈ കേസ് ഹൈക്കോടതിയിൽ പരിഗണനയിലിരിക്കെയാണ് രാജേന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതേസമയം, രാജേന്ദ്രൻ നായരുടെ കുടുംബത്തിന് അടിയന്തിര നഷ്‌ടപരിഹാരം പ്രഖ്യാപിക്കും വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് ആക്ഷൻ കമ്മിറ്റി.
Most Read: അരിക്കൊമ്പന്റെ സുരക്ഷ ആവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും