തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ റേഷൻ കാർഡ് പുറത്തിറക്കി. ബ്രൗൺ നിറത്തിലുള്ള കാർഡ് പുതുതായി രൂപീകരിച്ച എൻപി(ഐ) (പൊതുവിഭാഗം സ്‌ഥാപനം) എന്ന വിഭാഗത്തിനുള്ളതാണ് കാർഡ്. ഇതോടെ റേഷൻ കാർഡ് വിഭാഗങ്ങൾ അഞ്ചായി മാറി.
ഇത് മുൻഗണനാ വിഭാഗം കാർഡല്ല. വ്യക്തികൾക്കാണ് ഈ കാർഡ് അനുവദിക്കുന്നത്. റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ, കന്യാസ്‌ത്രീ മഠങ്ങൾ, ക്ഷേമാശുപത്രികൾ എന്നിവിടങ്ങളിൽ ഈ കാർഡ് അനുവദിക്കും.
രാജ്യത്ത് ഒരു റേഷൻ കാർഡിലും പെടാത്ത ആളുകൾക്ക് ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഈ കാർഡിൽ പ്രതിമാസം 10.90 രൂപ നിരക്കിൽ രണ്ട് കിലോ അരിയും ലഭ്യതക്ക് അനുസരിച്ച് ഒരു കിലോ ആട്ടയും ലഭിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊടുക്കുന്ന സ്‌പെഷ്യൽ അരിയിൽ രണ്ട് കിലോ വീതം കാർഡുടമകൾക്ക് ലഭിക്കും.
കാർഡ് ലഭിക്കാനായി ഇത്തരം സ്‌ഥാപനങ്ങളിൽ കഴിയുന്നവർ അപേക്ഷ നൽകണം. സ്‌ഥാപന മേലധികാരി നൽകുന്ന സത്യപ്രസ്‌താവനയും അതിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും നൽകണം. അതിന് പുറമെ ആധാർ കാർഡിന്റെ പകർപ്പും അപേക്ഷക്ക് ഒപ്പം സമർപ്പിക്കണം.
Read Also: മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; സർക്കാരിന് എതിരെ പ്രതിഷേധം ശക്‌തം