ന്യൂഡെൽഹി: രാജ്യത്തെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്. 12 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയ്യാറാക്കിയ കത്തിൽ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്.
സൗജന്യ വാക്‌സിൻ വിതരണം, വാക്‌സിൻ ശേഖരണം, ഭക്ഷ്യ വസ്‌തുക്കളുടെ വിതരണം, സാമ്പത്തിക സഹായം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളാണ് കത്തിൽ പറയുന്നത്.
തങ്ങൾ ഇതിന് മുൻപും ഈ വിഷയങ്ങളിലേക്ക് കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സർക്കാരിന് എളുപ്പത്തിൽ നടപ്പാക്കാനാകുന്ന ഈ നിർദ്ദേശങ്ങൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകാതിരിക്കുകയോ അവഗണിക്കുകയോ ചെയ്‌തു. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിന് ഇത് കാരണമായെന്നും കത്തിൽ പറയുന്നു.
പ്രതിപക്ഷ പാർട്ടികൾ മുന്നോട്ട് വെച്ച പ്രധാന നിർദ്ദേശങ്ങൾ
- സാധ്യമായ എല്ലായിടത്തും നിന്നും വാക്‌സിൻ ശേഖരിക്കുക
- രാജ്യത്തെ എല്ലാവർക്കും ഉടനടി വാക്‌സിൻ വിതരണം ചെയ്യുക
- വാക്‌സിൻ ശേഖരണത്തിനും വിതരണത്തിനുമായി ബജറ്റിൽ നിന്ന് 35,000 കോടി ചെലവഴിക്കുക
- രാജ്യത്തെ വാക്‌സിൻ നിർമാണം വിപുലീകരിക്കാൻ നിർബന്ധിത ലൈസൻസ് സംവിധാനം ഒരുക്കുക
- കേന്ദ്ര സർക്കാരിന്റെ സെൻട്രൽ വിസ്‌ത നിർമാണം താൽകാലികമായി നിർത്തിവെക്കുക. ഈ പണം ഓക്‌സിജനും വാക്‌സിനും വാങ്ങുന്നതിനായി ചെലവാക്കുക
- കണക്കിൽപ്പെടാത്ത സ്വകാര്യ ഫണ്ടുകൾ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് മാറ്റി കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുക
- രാജ്യത്തെ തൊഴിൽ രഹിതർക്ക് പ്രതിമാസം 6,000 രൂപ വീതം സാമ്പത്തിക സഹായം നൽകുക
- ആവശ്യമുളളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക
- കാർഷിക നിയമം പിൻവലിക്കുക. കർഷകർ കോവിഡ് പ്രതിസന്ധിയിൽ അകപ്പെടുന്നത് തടയുക
രാജ്യത്തെ പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാർട്ടികളാണ് കത്തിൽ ഒപ്പുവെച്ചിട്ടുളളത്. എന്നാൽ മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടിയും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‌മി പാർട്ടിയും കത്തിൽ ഒപ്പുവെച്ചിട്ടില്ല.
Read also: ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങിനായി കോവിഡ് പ്രോട്ടോക്കോളില്‍ ഇളവ്; വിശദീകരിച്ച് മുഖ്യമന്ത്രി