സാമ്പത്തിക തർക്കത്തിൽ കേന്ദ്രവുമായി ചർച്ച; സമിതിയെ നിയോഗിച്ച് കേരളം

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ കേരളവും കേന്ദ്രവും തുറന്ന ചർച്ച നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

By Trainee Reporter, Malabar News
kn balagopal and pinrayi vijayan
കെഎൻ ബാലഗോപാൽ, പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ചക്ക് വഴിയൊരുങ്ങുന്നു. ചർച്ച നടത്തുന്നതിനായി കേരള സർക്കാർ സമിതിയെ രൂപീകരിച്ചു. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയേയാണ് രൂപീകരിച്ചത്. നാളെ തന്നെ സമിതി അംഗങ്ങൾ ഡെൽഹിയിലെത്തി കേന്ദ്ര സർക്കാരുമായി ചർച്ച നടത്തും.

ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ. ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സമിതിയിൽ ഉള്ളത്. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ കേരളവും കേന്ദ്രവും തുറന്ന ചർച്ച നടത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

രാവിലെ കേരളത്തിന്റെ ഹരജി പരിഗണിച്ചപ്പോൾ, സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേ എന്നാണ് സുപ്രീം കോടതി ചോദിച്ചത്. ചർച്ച നടത്തണമെന്ന കോടതി നിർദ്ദേശത്തിൽ കേരളവും കേന്ദ്രവും സമ്മതം അറിയിച്ചിരുന്നു. ഇതോടെ, കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചർച്ച നടത്തട്ടേയെന്ന് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു. ചർച്ചകൾക്ക് കോടതി മധ്യസ്‌ഥത വഹിക്കുന്നത് അവസാനം മതിയെന്നും, രണ്ടുമണിക്ക് ശേഷം രണ്ടു വിഭാഗവും നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

തുടർന്നാണ് സമിതി രൂപീകരിച്ച കാര്യം ഉൾപ്പടെ കേരളം കോടതിയെ അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹരജി തള്ളണമെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികമായി അനാരോഗ്യമുള്ള സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും വീണ്ടും കടമെടുക്കാൻ അനുവാദം നൽകിയാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. എന്നാൽ, ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിനെതിരെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുക ആയിരുന്നു. കടമെടുപ്പ് നയപരമായ വിഷയമാണെന്നും സുപ്രീം കോടതി വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. അടിയന്തിര കടമെടുപ്പിന് കേരളത്തിന് അവകാശമില്ല. 15ആം ധനകാര്യ കമ്മീഷൻ കേരളത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്‌ഥാനമായി വിലയിരുത്തുന്നുവെന്നും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു.

Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE