സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ക്ളിനിക്ക് ഉൽഘാടനം ചെയ്‌തുകൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സര്‍ക്കാര്‍ മേഖലയില്‍ ഇത്തരം ഒരു ക്ളിനിക്ക് അനിവാര്യമാണെന്ന് ബോധ്യമായതിന്റെ പശ്‌ചാത്തലത്തില്‍ നിരവധി ചര്‍ച്ചകളുടേയും ഇടപെടലുകളുടേയും ഫലമായാണ് ക്ളിനിക്ക് യാഥാർഥ്യമായതെന്ന് മന്ത്രി അറിയിച്ചു.

എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്‌ച എന്ന നിലയിലാണ് ക്ളിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഭാവിയില്‍ ഈ സേവനം ആവശ്യാനുസരണം വര്‍ധിപ്പിക്കുന്നതാണ്. എസ്എംഎ രോഗികള്‍ക്കുള്ള മള്‍ട്ടി ഡിസിപ്ളിനറി ക്ളിനിക്കായിരിക്കുമിത്. എസ്എംഎ ബാധിച്ചവര്‍ക്കും, സംശയിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവശ്യമായ പരിശോധനക്കും ചികിൽസക്കുമായി പീഡിയാട്രിക് ന്യൂറോളജിസ്‌റ്റ്, കുഞ്ഞുങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ജനിതക പരിശോധനക്കും കൗണ്‍സിലിങ്ങിനും ജനിതക സ്‌പെഷ്യലിസ്‌റ്റ്, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി ശ്വാസകോശ രോഗ വിദഗ്‌ധൻ, എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സങ്കീര്‍ണതകള്‍ ഉടലെടുക്കുമ്പോള്‍ നേരിടാനായി ഇന്റന്‍സിവിസ്‌റ്റ് അസ്‌ഥിരോഗ വിദഗ്‌ധന്‍, വളര്‍ച്ചയും പോഷണവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കായി ശിശുരോഗ വിദഗ്‌ധന്‍, ഫിസിയോ തെറാപ്പിസ്‌റ്റ്, ഒക്കുപേഷണല്‍ തെറാപ്പിസ്‌റ്റ് സാന്ത്വന പരിചരണ വിഭാഗം തുടങ്ങി ബൃഹത്തായ ഒരു ടീമിന്റെ കൂട്ടായ സേവനം ഈ ക്ളിനിക്കിലൂടെ നല്‍കും.

എല്ലാ വര്‍ഷവും ഫെബ്രുവരി മാസം അവസാനത്തെ ദിവസം അപൂര്‍വ രോഗങ്ങളുടെ ദിനമായി ആചരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ ശ്രദ്ധയും ബോധ്യവും അനിവാര്യമായ ഓര്‍മപ്പെടുത്തലും കൂടിയാണ് ഈ ദിനം. സംസ്‌ഥാനത്ത് 400 ഓളം പേര്‍ അപൂര്‍വ രോഗം ബാധിച്ച് സഹായം തേടുന്നവരുണ്ട്. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും ഇവരുടെ ചികിൽസക്കായി ഇടപെടലുകള്‍ നടത്തുന്നുണ്ട്. എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് സമൂഹികമായ ഇടപെടലുകള്‍ കൂടി ഉണ്ടാകുന്നത് ആശാവഹമാണ്; മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ‘കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. അതെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് വേഗത്തില്‍ പരിചരണം ഉറപ്പാക്കുന്ന പൈലറ്റ് പദ്ധതി എല്ലാ മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കും’, മന്ത്രി അറിയിച്ചു.

കൂടാതെ എസ്എടി ആശുപത്രിയിലും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്‌ത്രക്രിയ വിഭാഗം ആരംഭിച്ചിട്ടുണ്ടെന്നും ഹിമോ ഡയാലിസിസ് ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

Most Read: ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ സ്‌പൈസ് ജെറ്റ് വിമാനവും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE