കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5 ലക്ഷവും 1568 പേർക്ക് 2 ലക്ഷവും സർക്കാരിൽ നിന്നു ലഭിക്കും. നേരത്തേ തന്നെ എല്ലാവർക്കും 5 ലക്ഷം രൂപ വീതം നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടതെങ്കിലും സംസ്‌ഥാന സർക്കാർ കാറ്റഗറി തിരിച്ച് ചിലർക്ക് 5 ലക്ഷവും മറ്റു ചിലർക്ക് 3 ലക്ഷവുമായി നൽകുകയായിരുന്നു.
കാറ്റഗറി തിരിച്ച് നഷ്‌ടപരിഹാരം നൽകിയതിനും കുറെ പേർക്ക് ഒട്ടും നൽകാതിരുന്നതിനും എതിരെ സർവ് കലക്‌ടീവ് കൂട്ടായ്‌മ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. ഇത് സംബന്ധിച്ച കേസ് ഇന്നലെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഏപ്രിൽ 4ലേക്കു മാറ്റി.
എൻഡോസൾഫാൻ ഇരകൾക്കു വേണ്ടിയുള്ള സമരം കൃത്യമായ ദിശയിൽ നയിച്ച സർവ് കലക്‌ടീവ് കൂട്ടായ്‌മയുടെ വിജയമാണ് സർക്കാർ തീരുമാനമെന്ന് കൂട്ടായ്‌മയുടെ മുഖ്യ സംഘാടകനും എഴുത്തുകാരനുമായ എംഎ റഹ്‌മാൻ പ്രതികരിച്ചു. നഷ്‌ടപരിഹാരം നൽകൽ ഇനിയും നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും നിശ്‌ചിത മാസത്തിനകം തുക കൈമാറമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ശ്രീലങ്കയിലെ അഭയാർഥി പ്രവാഹം; നിരീക്ഷണം ശക്‌തമാക്കി നാവികസേന