ശ്രീലങ്കയിലെ അഭയാർഥി പ്രവാഹം; നിരീക്ഷണം ശക്‌തമാക്കി നാവികസേന

By News Desk, Malabar News
Srilanka Economic Crisis
Representational Image
Ajwa Travels

ചെന്നൈ: സാമ്പത്തിക അരക്ഷിതാവസ്‌ഥയിൽ നിന്ന് കരകയറാനാവാതെ ശ്രീലങ്ക. രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകവേ പലായനം തുടരുകയാണ് ജനങ്ങൾ. നാവികസേന നിരീക്ഷണം ശക്‌തമായതിനാൽ ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് അഭയാർഥികൾ എത്തുന്നതിന് താൽകാലിക വിരാമമായിട്ടുണ്ട്. പാക് കടലിടുക്കിൽ ശ്രീലങ്കൻ നാവികസേന തിരച്ചിൽ ഊർജിതമാക്കിയതോടെ മനുഷ്യക്കടത്ത് സംഘങ്ങൾ പിൻമാറുകയായിരുന്നു.

അതേസമയം, എത്രപേർ വന്നാലും സ്വീകരിക്കാൻ സജ്‌ജമായിരിക്കുകയാണ് തമിഴ്‌നാട്‌. അഭയാർഥികൾക്കായുള്ള തയ്യാറെടുപ്പുകൾ അധികൃതർ പൂർത്തിയാക്കി. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഇനിയും രൂക്ഷമായാൽ ആയിരക്കണക്കിന് അഭയാർഥികൾ കടൽ കടന്ന് രാമേശ്വരത്ത് എത്തുമെന്ന് തമിഴ്‌നാട്‌ സർക്കാരിന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.

രാമേശ്വരം മണ്ഡപത്തെ അഭയാർഥി ക്യാംപിൽ 400 പേരെ താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മണ്ഡപം നഗരസഭാ ചെയർമാൻ ഡി രാജ അറിയിച്ചു. 50 വീടുകളുടെ അറ്റകുറ്റ പണികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്. നേരത്തെ പതിനായിരം പേരെ താമസിപ്പിച്ച ക്യാംപിൽ എത്ര പേർ എത്തിയാലും ഉൾക്കൊള്ളാൻ കഴിയുമെന്ന് ഡി രാജ വ്യക്‌തമാക്കി.

ഭക്ഷ്യവസ്‌തുക്കളുടെ ദൗർലഭ്യവും വിലവർധനയും കാരണം ശ്രീലങ്കൻ ജനത പട്ടിണിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇന്ധനക്ഷാമത്തെ തുടർന്ന് പമ്പുകളിൽ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. പ്രകോപിതരായ ജനങ്ങൾ അക്രമം അഴിച്ചുവിടുകയാണ്. പമ്പിൽ ക്യൂവിൽ നിന്ന മൂന്ന് പേർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ക്യൂവിൽ നിൽക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തിക്കൊല്ലുകയും ചെയ്‌തു. അരക്ഷിതാവസ്‌ഥ നിലനിൽക്കുന്നതിനിടെ രാജ്യത്തെ കരകയറ്റാൻ എന്ത് ചെയ്യുമെന്നറിയാതെ അധികൃതർ കുഴയുകയാണ്.

2019 ഈസ്‌റ്റർ ദിനത്തിൽ നടന്ന തീവ്രവാദി ആക്രമണത്തെ തുടർന്നാണ് ശ്രീലങ്കയുടെ കഷ്‌ടകാലം ആരംഭിക്കുന്നത്. അന്ന് 270ഓളം പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു. ടൂറിസ്‌റ്റുകളുടെ വരവ് പൂർണമായും നിന്നതോടെ പ്രധാന വരുമാന മാർഗം ശ്രീലങ്കക്ക് നഷ്‌ടമായി. 2020 ആദ്യത്തോടെ വീണ്ടും ചലിക്കാന്‍ തുടങ്ങിയ വിനോദസഞ്ചാരമേഖലയെ കോവിഡ്, വകഭേദങ്ങളായി വന്ന് വീണ്ടും ആക്രമിച്ചു. വന്‍തോതില്‍ തൊഴില്‍ നഷ്‌ടമായി. ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്‌ഥയിലേക്ക് വർഷാവസാനം മൂന്നര ബില്യണിൽ അധികം ഡോളർ സമാഹരിക്കുന്ന മേഖലയാണ് വിനോദസഞ്ചാരം.

രണ്ടുവർഷത്തോളമായി വിനോദസഞ്ചാരം മാത്രമല്ല, ടെക്‌സ്‌റ്റൈൽ, തേയില തുടങ്ങിയ വരുമാന മേഖലകളെല്ലാം തീർത്തും നിഷ്‌ക്രിയമായി. രത്‌നം, തേയില, തുണി തുടങ്ങി വിദേശനാണ്യം നേടിത്തരുന്ന . ഉൽപന്നങ്ങളുടെ ഉൽപാദനത്തിലും ഗണ്യമായ ഇടിവുണ്ടായി. വരുമാനം കുറഞ്ഞു. കൂടാതെ, റഷ്യ- യുക്രൈൻ യുദ്ധവും ശ്രീലങ്കയെ ബാധിച്ചു. അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയര്‍ന്നതോടെ ശ്രീലങ്ക തീര്‍ത്തും തളര്‍ന്നു. പെട്രോള്‍ പമ്പുകളില്‍ പട്ടാളം കാവല്‍നില്‍ക്കുന്ന സ്‌ഥിതിയാണിപ്പോള്‍.

സ്വാതന്ത്ര്യംകിട്ടി 74 വര്‍ഷം കഴിഞ്ഞിട്ടും ഭക്ഷ്യധാന്യമോ, പാലോ അടക്കം ഒന്നിലും സ്വയംപര്യാപ്‌തത കൈവരിക്കാത്ത അലസരാജ്യമാണ് ശ്രീലങ്ക. കൂടാതെ, ഇന്ധനവും സിമന്റും ഇരുമ്പും എന്തിന് കടലാസും അതില്‍ അച്ചടിക്കാനുള്ള മഷിയടക്കം എല്ലാം ഇറക്കുമതിചെയ്യണം. അതിന് പണംവേണം. ചോദ്യപ്പേപ്പര്‍ അച്ചടിക്കാനുള്ള പേപ്പറും മഷിയും ഇല്ലാത്തതുകൊണ്ട് ശ്രീലങ്കയില്‍ സ്‌കൂള്‍ പരീക്ഷകളെല്ലാം മാറ്റിവെച്ചിരിക്കയാണ്. പ്രതിസന്ധിയുടെ യഥാര്‍ഥ അവസ്‌ഥ എന്തെന്ന് ഇതില്‍നിന്ന് ഊഹിക്കാം.

ഇന്ത്യയും ചൈനയും , ബംഗ്‌ളാദേശും അടക്കമുള്ള രാജ്യങ്ങൾ ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. കോവിഡ് ഒഴിയുമ്പോള്‍ ടൂറിസം, തേയില, തുണി എന്നീ മേഖലകൾ ശക്‌തിപ്പെടുമെന്നും വരുമാനം വർധിക്കുമെന്നതുമാണ് അവസാന പ്രതീക്ഷ.

Most Read: മൂത്രത്തിൽ കല്ല്; വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE