ആലപ്പുഴ: ജൻമനാ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ട മൂന്ന് വയസുകാരി അമീറക്ക് ഇനി കൺനിറയെ ലോകം കാണാം. (Five Year Old Girl Amira Got her Eyesight) ആലപ്പുഴ പുന്നപ്രയിലെ സിദ്ദിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ അമീറക്ക് മുന്നിലാണ് ഇനി പുതുലോകം തുറക്കുന്നത്. കാഴ്‌ചയുടെ പുതുവസന്തത്തിലേക്ക് ഈ കൊച്ചുകുട്ടി മിഴിതുറക്കുമ്പോൾ, മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ സഹായ ഹസ്‌തങ്ങൾ കൂടി ഇതിന് പിന്നിലുണ്ടെന്നത് ഒന്നുകൂടി പ്രകാശം പരത്തുന്നു.
മകളുടെ ചികിൽസയ്‌ക്ക് ആവശ്യമായ പണം കണ്ടെത്താൻ കഴിയാതെ നിസ്സഹായരായി നിന്ന മാതാപിതാക്കളുടെ വാർത്ത ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി, തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനോട് കുട്ടിയുടെ ചികിൽസയ്‌ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ശസ്‌ത്രക്രിയ വഴി കാഴ്‌ചശക്‌തി ലഭിച്ച അമീറ ലോക കാഴ്‌ച ദിനമായ ഒക്‌ടോബർ 12ന്, അതായത് നാളെ ആശുപത്രി വിടുമെന്നതും മറ്റൊരു പ്രത്യേകതയാണ്.
ജൻമനാ കാഴ്‌ചശക്‌തി നഷ്‌ടപ്പെട്ട അമീറയുടെ കഥ വാർത്തകളിലൂടെയാണ് ലോകം അറിഞ്ഞത്. അമീറക്ക് കാഴ്‌ചശക്‌തി ലഭിക്കാൻ മധുരയിൽ പോകണമെന്നും ഇതിനായി വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്‌ടർമാർ പറഞ്ഞപ്പോൾ, മറ്റു വഴികളില്ലാതെ നിസ്സഹായരായി നിൽക്കാനേ മാതാപിതാക്കൾക്ക് സാധിച്ചിരുന്നുള്ളൂ. എന്നാൽ, ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഇവരുടെ ദാരുണാവസ്‌ഥ ഏറ്റെടുക്കുകയായിരുന്നു.
പിന്നാലെയാണ് വിവരം മമ്മൂട്ടിയുടെ ഓഫിസിനു കൈമാറിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട മമ്മൂട്ടി ഉടനടി വിഷയത്തിൽ ഇടപെടുകയായിരുന്നു. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്‌ച പദ്ധതിയിലേക്ക് അമീറയുടെ ചികിൽസ മാറ്റാൻ നിർദ്ദേശിച്ചു. കൂടാതെ, തുടർ ചികിൽസയ്‌ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കാനും ഫൗണ്ടേഷനോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
കെയർ ആൻഡ് ഷെയർ ഭാരവാഹികൾ ഉടനടി ഹോസ്‌പിറ്റലുമായി ബന്ധപ്പെട്ടു. നേത്ര വിഭാഗം അസിസ്‌റ്റന്റ് ഡയറക്‌ടർ ഫാ.വർഗീസ് പാലാട്ടി ചികിൽസയ്‌ക്ക് ആവശ്യമായ നടപടികൾ ഏകോപിപ്പിച്ചു. കുട്ടികളുടെ നേത്ര വിഭാഗത്തിലെ വിദഗ്‌ധ ഡോക്‌ടർ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തിലാണ് ചികിൽസ മുന്നോട്ട് പോയത്. കണ്ണ് മാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയമായതോടെ കുഞ്ഞു അമീറ കാഴ്‌ചയുടെ പുതുലോകത്തേക്ക് മിഴി തുറന്നു.
അതേസമയം, കുട്ടിയുടെ രണ്ടാമത്തെ കണ്ണിന്റെ കാഴ്‌ച വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് ഡോക്‌ടർമാർ പറയുന്നത്. കണ്ണിലെ അണുബാധയ്‌ക്ക് കൃത്യമായ ചികിൽസ യഥാസമയം ലഭ്യമാകാതിരുന്നതാണ് കണ്ണ് നഷ്‌ടപ്പെടാൻ കാരണമായി ഡോക്‌ടർമാർ പറയുന്നത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. എന്നാൽ, ആശുപത്രിയിലെ കോസ്‌മെറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടിക്ക് കസ്‌റ്റമെയിട് ആർട്ടിഫിഷ്യൽ ഐ വെച്ച് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.
ഞങ്ങളുടെ പിഞ്ചോമനയുടെ ജീവിത രക്ഷിച്ച മമ്മൂട്ടിയെ നേരിൽ കണ്ടു നന്ദി പറയണമെന്നാണ് മാതാപിതാക്കളുടെ ഇപ്പോഴത്തെ ഏക ആഗ്രഹം. ‘അവൾ കൺ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണ്’. മകൾക്ക് കാഴ്‌ചശക്‌തി ലഭിച്ചതിന് പിന്നാലെ പിതാവ് സിദ്ദിഖ് പറഞ്ഞു.
Film| റോണി ഡേവിഡ് രാജിന്റെ ‘പഴഞ്ചൻ പ്രണയം’; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു