ന്യൂഡെല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിന് വീണ്ടും തിരിച്ചടി. കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാലു കുറ്റക്കാരനാണെന്ന് വിധിച്ചത്. ജഡ്ജി സികെ ശശിയുടെ നിര്‍ദേശ പ്രകാരം ലാലുപ്രസാദ് ചൊവ്വാഴ്‌ച രാവിലെ കോടതിയിൽ ഹാജരായിരുന്നു.
ലാലുപ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണ് മൃഗക്ഷേമ വകുപ്പില്‍ 950 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ അദ്ദേഹം ഇതിനോടകം തന്നെ ശിക്ഷിക്കപ്പെട്ടിരുന്നു. ചൈബാസ ട്രഷറി കേസില്‍ 37.7 കോടിയുടേയും 33.13 കോടിയുടേയും ദിയോഘര്‍ ട്രഷറിയില്‍ നിന്ന് 89.27 കോടിയുടേയും ദുംക ട്രഷറിയില്‍ നിന്ന് 3.76 കോടിയുടേയും അഴിമതി നടത്തിയെന്നാണ് ഇതിന് മുന്‍പത്തെ നാല് കേസുകള്‍. ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്.
ആദ്യത്തെ നാലു കേസുകളില്‍ തടവു ശിക്ഷ അനുഭവിക്കവേ പിന്നീട് ജാമ്യം ലഭിച്ചിരുന്നു. അതേസമയം മുന്‍ ശിക്ഷാ വിധികള്‍ക്കെതിരെ ലാലുപ്രസാദ് യാദവ് അപ്പീല്‍ പോയിരുന്നു. ഡൊറാന്‍ഡ ട്രഷറി കേസിലും അദ്ദേഹം അപ്പീലിന് പോകാനാണ് സാധ്യത. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് ജാമ്യം അനുവദിച്ചത്.
Also Read: സ്വന്തം മകൻ അലർജി, തൊട്ടാൽ ശരീരം ചൊറിയും; അമ്മക്ക് അപൂർവ രോഗം