ഓസ്‌ട്രിയയിൽ നാലാംഘട്ട ലോക്ക്‌ഡൗൺ പ്രാബല്യത്തിൽ; നിയന്ത്രണങ്ങൾ കർശനം

By News Desk, Malabar News
Ajwa Travels

വിയന്ന: കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഓസ്‌ട്രിയയിലെ നിവാസികൾ നാലാം തവണയും ലോക്ക്‌ഡൗണിൽ. വാക്‌സിൻ എടുക്കാത്തവർക്ക് മാത്രമായി ഓസ്‌ട്രിയയിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന ലോക്ക്‌ഡൗൺ ഇന്ന് മുതൽ രാജ്യവ്യാപകമാക്കി. അടുത്ത 20 ദിവസം രാജ്യവ്യാപക ലോക്ക്‌ഡൗൺ തുടരും.

കോവിഡ് കേസുകൾ വർധിക്കുകയും ആശുപത്രികൾ രോഗികളെ കൊണ്ട് നിറയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്‌ഡൗൺ രാജ്യവ്യാപകമാക്കാൻ തീരുമാനിച്ചതെന്ന് ഓസ്‌ട്രിയൻ ഫെഡറൽ ഗവൺമെന്റ് അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള സാൽസ്‌ബർഗ്, അപ്പർ ഓസ്ട്രിയ പ്രവിശ്യകളിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകൾ മുതൽ ജിം വരെയുള്ളവയ്‌ക്ക് രാജ്യത്ത് താൽകാലിക പൂട്ടുവീണു.

കുറഞ്ഞ വാക്‌സിനേഷൻ നിരക്കാണ് ഓസ്‌ട്രിയയിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ആഴ്‌ച യൂറോപ്പിലെ ഏറ്റവും താഴ്‌ന്ന വാക്‌സിനേഷൻ നിരക്കുകളിൽ ഒന്നായിരുന്നു ഓസ്‌ട്രിയയിൽ രേഖപ്പെടുത്തിയത്. കൂടാതെ തണുത്ത കാലാവസ്‌ഥയും വാക്‌സിനുകൾ നൽകുന്ന പ്രതിരോധം കുറയുന്നതും രാജ്യത്തെ ആരോഗ്യരംഗത്ത് വെല്ലുവിളിയായി. വാക്‌സിനേഷന്റെ കാര്യത്തിൽ ജർമനി, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ അയൽരാജ്യങ്ങളേക്കാൾ പിന്നിലാണ് ഓസ്‌ട്രിയ.

20 ദിവസത്തെ രാജ്യവ്യാപക ലോക്ക്‌ഡൗണിന് ശേഷം വാക്‌സിൻ എടുക്കാത്തവർക്ക് വേണ്ടി മാത്രം വീണ്ടും ലോക്ക്‌ഡൗൺ നീട്ടുമെന്ന് ഓസ്‌ട്രിയൻ അധികൃതർ വ്യക്‌തമാക്കി. സ്‌കൂളുകളിൽ മാസ്‌ക് നിര്‍ബന്ധമാക്കും. അതേസമയം ഡോക്‌ടറുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ കുട്ടികള്‍ക്ക് വീട്ടില്‍ തന്നെ കഴിയാനും പഠന പാക്കേജുകള്‍ സ്വീകരിക്കാനും അനുവാദമുണ്ട്. FFP2 മാസ്‌ക് എല്ലാ സ്‌ഥലങ്ങളിലും നിര്‍ബന്ധമാക്കി. രാത്രികാല കാറ്ററിംഗിനും വലിയ ഇവന്റുകള്‍ക്കും 2G പ്ളസ്‌ നിയമം കര്‍ശനമാക്കി.

ലോക്ക്‌ഡൗൺ മൂലം വ്യവസായങ്ങള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ സഹായ നടപടികള്‍ വീണ്ടും ലഭ്യമാക്കിയിട്ടുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിൽ ഡിഫോള്‍ട്ട് ബോണസ് വീണ്ടും നല്‍കും. നഷ്‌ടപരിഹാര തുകയും നീട്ടും. ദുരിതബാധിതര്‍ക്കുള്ള ഫണ്ടും വിപുലീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, നിര്‍ബന്ധിത വാക്‌സിനേഷനായുള്ള നിയമനിര്‍മാണ നടപടിക്രമങ്ങൾ രാജ്യത്ത് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2022 ഫെബ്രുവരി 1 മുതല്‍ വാക്‌സിനേഷൻ എടുക്കാന്‍ നിയമപരമായ ആവശ്യകതയുണ്ടാകുമെന്നും ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് പറഞ്ഞു. പുതിയ ഒമൈക്രോൺ വകഭേദം വ്യാപിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായേക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.

ഇതിനിടെ യുകെ, യൂറോപ്യൻ രാജ്യങ്ങൾ, ഇസ്രയേൽ, ഹോങ്കോങ്, ദക്ഷിണാഫ്രിക്ക, ബോട്‍സ്വാന, ബ്രസീൽ, ബംഗ്‌ളാദേശ് ,ചൈന, മൊറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്‍വെ, സിംഗപ്പൂർ എന്നിവിടങ്ങൾ നിന്നെത്തുന്ന യാത്രക്കാർക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ സംസ്‌ഥാനങ്ങൾക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.

Also Read: ലഹരിപാർട്ടി; മയക്കുമരുന്ന് വിറ്റതിന് തെളിവില്ല; ഒരാൾക്ക് കൂടി ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE