കോട്ടയം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി അറസ്റ്റിൽ. തിരുവല്ല പെരുന്തുരുത്തി പഴയചിറയിൽ ബിനു ചാക്കോയാണ് അറസ്റ്റിലായത്. സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെന്ന കൊല്ലം സ്വദേശിയുടെ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കൊച്ചിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
കൊല്ലം സ്വദേശിയുടെ മകൾക്ക് മധ്യകേരളത്തിലെ മെഡിക്കൽ കോളേജുകളിലൊന്നിൽ പ്രവേശനം നേടിത്തരാമെന്നായിരുന്നു ബിനു ഉറപ്പ് നൽകിയത്. തുടർന്ന്, പണവും കൈപ്പറ്റി. എന്നാൽ സീറ്റ് ലഭിച്ചില്ല. പരാതിക്കാരൻ പല തവണ ബിനുവിനെ ഫോണിൽ വിളിച്ചെങ്കിലും പണം തിരികെ നൽകാൻ ഇയാൾ തയാറായില്ല. കോട്ടയത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയത്. പണം നൽകി നാളുകൾ കഴിഞ്ഞിട്ടും സീറ്റോ മുടക്കിയ തുകയോ തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് ഇവർ കോട്ടയം പോലീസിനെ സമീപിക്കുകയായിരുന്നു.
Also Read: കേന്ദ്ര ഏജന്‍സി അന്വേഷണം രാഷ്ട്രീയ പ്രേരിതമോ; മൗനം പാലിച്ച് മുഖ്യമന്ത്രി
ഇന്നലെ വൈകിട്ട് അഞ്ചിന് എറണാകുളത്തെ ഹോട്ടലിൽ നിന്നാണ് ബിനുവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ ഇയാളെ കോട്ടയത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതായി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എംജെ അരുൺ അറിയിച്ചു.


































