മലപ്പുറം: വിവിധ മതങ്ങൾ തമ്മിലുള്ള സ്‌നേഹവും സൗഹാർദ്ദവും വാക്കുകളിൽ ഒതുങ്ങരുതെന്നും പ്രയോഗതലത്തില്‍ കൊണ്ടുവരണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ സംസ്‌ഥാന വ്യാപകമായി ‘ജിഹാദ്: വിമര്‍ശനവും യാഥാർഥ്യവും‘ എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി സംഘടിപ്പിക്കുന്ന ത്രൈമാസ ബോധനയത്‌നം’ പരിപാടിയുടെ മലപ്പുറം ജില്ലാതല ഉൽഘാടനം വാരിയന്‍കുന്നത്ത് ടൗണ്‍ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയാരുന്നു ജിഫ്‌രി തങ്ങള്‍.
സ്‌നേഹവും സൗഹാര്‍ദ്ദവും ഹൃദയത്തില്‍ നിന്നും ഉണ്ടായിതീരുമ്പോള്‍ മാത്രമെ ആത്‌മാർഥമാവു. മത നേതാക്കള്‍ സ്‌നേഹവും സൗഹാര്‍ദ്ദവും വളര്‍ത്താനാണ് പരിശ്രമിക്കേണ്ടത്. വെറുപ്പുപരത്താന്‍ ആഹ്വാനം ചെയ്യുന്നത് അപകടകരമായ സാഹചര്യങ്ങളാണ് സൃഷ്‌ടിക്കുക എല്ലാ മതങ്ങളുടെയും അടിസ്‌ഥാന തത്വം നൻമയാണ്. അല്ലായിരുന്നുവെങ്കില്‍ മതങ്ങള്‍ക്കിവിടെ പ്രചാരം നേടാന്‍ കഴിയുമായിരുന്നില്ല. വിവിധ മതസമുദായങ്ങളോടു സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ഇടപെടാനാണ് ഇസ്‌ലാമും പഠിപ്പിക്കുന്നത്; ജിഫ്‌രി തങ്ങള്‍ വിശദീകരിച്ചു.
‘ലഹരി, തെറ്റായ നിലക്കുള്ള സ്‌നേഹ പ്രകടനങ്ങള്‍ എന്നിവ കൊണ്ടോ നിര്‍ബന്ധിച്ചോ ആരെയും വിശ്വാസികളാക്കുന്ന പ്രവണത ഇസ്‌ലാമിലില്ല. മനുഷ്യന്റെ സമഗ്ര ജീവിത മേഖലകളിലേക്കും വെളിച്ചം വീശുന്ന ഖുര്‍ആനിനെ നേരാംവിധം മനസിലാക്കാത്തതാണ് തെറ്റിദ്ധാരണകളുടെ അടിസ്‌ഥാനം. തെറ്റിദ്ധാരണ പരത്താൻ ജിഹാദ് പോലുള്ള ചില അറബി പദങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.‘ –തങ്ങൾ വിശദീകരിച്ചു.
‘ജിഹാദ്‘ എന്നത് വിശാലമായ അർഥത്തിൽ ഉപയോഗിക്കപ്പെട്ട പദമാണ്. നബി(സ)യും അനുചരന്‍മാരും പഠിപ്പിച്ചുതന്ന രീതിയിലാണ് ഖുര്‍ആനിനെ മനസിലാക്കേണ്ടതെന്നും കേവലം ഭാഷാപരമായ അർഥം കൊണ്ടുമാത്രം ഖുര്‍ആനിനെ മനസിലാക്കാനാവില്ലെന്നും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു.
Related: മയക്കുമരുന്നും ജിഹാദും തമ്മില്‍ ചേർക്കരുത്; ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപോലിത്ത