തിരുവനന്തപുരം: തദ്ദേശ സ്‌ഥാപനങ്ങളുടെ ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഏപ്രില്‍ ഒന്നുമുതല്‍ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഉത്തരവില്‍ പുനരാലോചന പാടില്ലെന്ന് മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നല്‍കി. ഉത്തരവിനെതിരെ തദ്ദേശവകുപ്പ് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം.
തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് ട്രഷറിയില്‍ നിന്ന് ഏതുസമയത്തും പണം പിന്‍വലിക്കാം. ട്രഷറി നിയന്ത്രണങ്ങള്‍ ഈ ഫണ്ടിന് ബാധകമാകില്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് എടുത്ത തീരുമാനമാണിതെന്നും ധനവകുപ്പ് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തദ്ദേശ സ്‌ഥാപനങ്ങളുടെ തനത് ഫണ്ടുകള്‍ പ്രാദേശികമായി ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കാമെന്ന 2011ലെ തദ്ദേശവകുപ്പ് സര്‍ക്കുലർ തിരുത്തിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.
സ്‌പെഷ്യൽ ട്രഷറി സേവിംഗ്‌സ് ബാങ്കിലേക്ക് തനത് ഫണ്ട് മാറ്റണമെന്നാണ് നിർദ്ദേശം. ഇതിനായി തദ്ദേശ സ്‌ഥാപനങ്ങൾ പുതിയ ട്രഷറി അക്കൗണ്ട് തുടങ്ങണം. വേയ്‌സ് ആന്റ് മീൻസ് ബാധകമാവില്ലെന്ന് സർക്കുലറിലുണ്ടെങ്കിലും ചിലവഴിക്കാൻ സർക്കാർ പണം ബാക്കി വയ്‌ക്കുമോ എന്ന ആശങ്കയാണ് തദ്ദേശ സ്‌ഥാപനങ്ങൾക്ക് ഉള്ളത്.
പല തദ്ദേശ സ്‌ഥാപനങ്ങളിലും ശമ്പളവും പെൻഷനുമൊക്കെ തനത് ഫണ്ടിൽ നിന്നാണ് നൽകുന്നത്. തുടർ നിർദ്ദേശങ്ങൾ ധനവകുപ്പ് മാത്രമാകും നൽകുകയെന്നും മറ്റു വകുപ്പുകളുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടെന്നും പുതിയ സർക്കുലറിലുണ്ട്. തദ്ദേശ സ്‌ഥാപനങ്ങൾക്ക് നടപ്പു സാമ്പത്തികവർഷം നീക്കിവെച്ച പദ്ധതി വിഹിതം 7280 കോടി രൂപയാണ്. ആറു മാസം പിന്നിടുമ്പോഴും ഇതിൽ ചിലവഴിച്ചത് 798.74 കോടി രൂപ മാത്രമാണ്.
Read Also: കേരളത്തിലെ വിഷയങ്ങളിൽ ഇടപെടേണ്ട; ചിദംബരത്തെ തള്ളി കെ സുധാകരന്‍