ജി20 ഉച്ചകോടി: ലോകമഹായുദ്ധത്തിലെ വിനാശം ഓർമിപ്പിച്ച് മോദി

ലോകത്തെ പ്രധാന സാമ്പത്തിക ശക്‌തികളായ അർജന്റീന, ഓസ്‍ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ഇന്ത്യ, ഇൻഡോനേഷ്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുർക്കി, യുകെ, യുഎസ് എന്നീ 19 രാഷ്‌ട്രങ്ങളുടെ ഭരണാധികാരികളും യൂറോപ്യൻ യൂണിയനും പങ്കെടുക്കുന്ന ദ്വിദിന സമ്മേളനമാണ് ജി20 ഉച്ചകോടി.

By Central Desk, Malabar News
G20 Summit _ Modi Reminded Devastation of World War
മോദിയും ഋഷി സുനകും G20യിൽ Courtesy @PMOTwitter
Ajwa Travels

ബാലി: റഷ്യ യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ഓർമപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈൻ യുദ്ധം ച‍ർച്ചയിലൂടെ അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി അംഗങ്ങളെ ഓർമപ്പെടുത്തി. ആഗോള വെല്ലുവിളി നേരിടാൻ ഐക്യരാഷ്‌ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു.

എന്നാൽ, വ്ളാഡിമിർ പുടിൻ എത്താത്തിനാൽ യുക്രെയിൻ സംഘർഷം തീർക്കാനുള്ള ചർച്ചകൾ ബാലിയിൽ ഉണ്ടാകില്ല എന്നാണ് സൂചന. ഇന്‍ഡൊനീഷ്യയുടെ പ്രസിഡന്റ് ജോകോ വിഡോഡോ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തുടങ്ങിയവരുമായും മോദി കണ്ടു. ബുധനാഴ്‌ച വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തുമെന്നാണ് വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ റിഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു.

അതേസമയം, ജോ ബൈഡൻ ഉൾപ്പടെ വിവിധ രാജ്യതലവൻമാരുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ ഹ്രസ്വ ച‍ർച്ച നടത്തി. 2020ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഗൽവാൻ സംഘ‍ർഷത്തിന് ശേഷം ആദ്യമായാണ് ഷീ ജിൻപിങുമായി മോദി കൂടിക്കാണുന്നത്. പക്ഷെ, ചൈനീസ് പ്രസിഡന്റുമായി വിശദമായ ചർച്ച ഉണ്ടാകുമോ എന്ന കാര്യം വ്യക്‌തമല്ല.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്‌നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. 2023ൽ ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സമാധാനത്തിന്റെ ശക്‌തമായ സന്ദേശം നൽകാൻ ആകണമെന്നും മോദി പറഞ്ഞു. 2022 ഡിസംബ‍ർ ഒന്നുമുതലാണ് അടുത്ത ജി20 യോഗത്തിന്റെ അധ്യക്ഷ സ്‌ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.

എന്താണ് ജി20 ഉച്ചകോടി

വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ ലോക കൂട്ടായ്‌മയാണ്‌ 1999 സെപ്റ്റംബർ 26ന് നിലവിൽവന്ന ജി-20. ഇരുപത് രാജ്യങ്ങളെ സൂചിപ്പിക്കുന്ന സംഖ്യയാണ് 20 എന്നത്. നിലവിൽ പത്തൊൻപത് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് സംഘടന.

ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്‌തിയാവുന്ന ജി-20യിൽ ലോകജനസംഖ്യയുടെ 65 ശതമാനം ഉൾപ്പെടും. ലോക ജിഡിപി യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ജി-20യുടെ തീരുമാനങ്ങൾ ലോകം ഉറ്റുനോക്കുന്നത്.

1999ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രുപീകരിച്ച ജി-20യുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതാണ്. 1999ൽ ആദ്യഉച്ചകോടി നടന്നെങ്കിലും പിന്നീട് ഒൻപതുവർഷം കൂട്ടായ്‌മ സജീവമല്ലായിരുന്നു. ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച 2008ലാണ് പിന്നീട് ജി20 സജീവമാകുന്നത്.

തുടർന്ന് ജി20 അനിഷേധ്യ ലോകസംഘടനയായി പരിണമിച്ചു. സാമ്പത്തിക മേഖലക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്‌ഥിതി, പൊതുജനാരോഗ്യം, സാങ്കേതികം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യുന്ന വേദിയായി ജി20 വളർന്നു. സ്‌ഥിരം ആസ്‌ഥാനമില്ലാത്ത ജി20 ഓരോവർഷം ഓരോ രാജ്യങ്ങളിലാണ് നടക്കുക.

Most Read: ഐഎസ് അനുഭാവികളെന്ന് സംശയം; ചെന്നൈയിൽ പോലീസ് പരിശോധന തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE