കാസർഗോഡ്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബേക്കലിലെ പ്രവാസി വ്യവസായി എംസി അബ്‌ദുൽ ഗഫൂറിന്റെ (ഗഫൂർ ഹാജി) ദുരൂഹമരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. ദുർമന്ത്രവാദിനിയെയും ഭർത്താവിനെയും ഉൾപ്പടെ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഭിചാരക്രിയകളുടെ ഭാഗമായി ഗഫൂറിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു എന്നാണ് നിഗമനം.
മന്ത്രവാദത്തിലൂടെ ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് 596 പവൻ സ്വർണം ഇവർ ഗഫൂറിൽ നിന്ന് തട്ടിയെടുത്തിരുന്നു. ഇത് തിരിച്ച് നൽകാതിരിക്കാനായിരുന്നു കൊലപാതകം. അബ്‌ദുൽ ഗഫൂറിന്റെ വീട്ടിൽ നിന്ന് നാല് കിലോയിലേറെ തൂക്കമുള്ള സ്വർണാഭരണങ്ങൾ ആരുടെ കൈയിൽ എത്തിയെന്ന അന്വേഷണമാണ് നാലംഗ സംഘത്തിന്റെ അറസ്‌റ്റിലേക്ക് എത്തിയത്.
ജില്ലയിലെ സ്വർണവ്യാപാരികളിൽ നിന്ന് ആഴ്‌ചകൾക്ക് മുൻപ് ഇതുസംബന്ധിച്ചു മൊഴിയെടുത്തിരുന്നു. മേൽപറമ്പ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉബൈദ് (38), രണ്ടാംപ്രതിയും ഉബൈദിന്റെ ഭാര്യയുമായ ജിന്നുമ്മയെന്ന് അറിയപ്പെടുന്ന ഷെമീമ (38), മൂന്നാം പ്രതി അസ്‌നീഫ (34), നാലാം പ്രതി വിദ്യാനഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ആയിഷ (40) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പൂച്ചക്കാട് ഫാറൂഖിയ മസ്‌ജിദിനടുത്തെ ബൈത്തുൽ റഹ്‌മയിൽ എംസി അബ്‌ദുൽ ഗഫൂറിനെ (55) 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും മകളും മകന്റെ ഭാര്യയും ഈ സമയത്ത് ബന്ധുവീട്ടിലായിരുന്നു. പുണ്യ മാസത്തിലെ 25ആം നാളിലെ മരണമായതിനാൽ മറ്റൊന്നും ചിന്തിക്കാതെ അന്നുതന്നെ മൃതദേഹം കബറടക്കി.
പിറ്റേന്ന് മുതൽ വായ്‌പ വാങ്ങിയ സ്വർണാഭരണങ്ങൾ അന്വേഷിച്ചു ബന്ധുക്കൾ വീട്ടിലേക്ക് എത്തിയപ്പോഴാണ് ആകെ 596 പവൻ നഷ്‌ടമായെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം തിരിച്ചറിയുന്നത്. മരണത്തിലും ആഭരണങ്ങൾ കാണാതായതിനും പിന്നിൽ ആഭിചാരക്രിയ നടത്തുന്ന ജിന്നുമ്മയുടെയും ഇവരുടെ ഭർത്താവിനെയും സംശയിക്കുന്നതായി ഗഫൂറിന്റെ മകൻ ബേക്കൽ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.
ഇതേത്തുടർന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്‌തു. ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ഡിസിആർബി ഡിവൈഎസ്‌പി കെജെ ജോൺസൺ, ബേക്കൽ ഇൻസ്‌പെക്‌ടർ കെപി ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഏപ്രിൽ 27ന് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയിരുന്നു.
ജിന്നുമ്മയുടെ സഹായികളായ രണ്ട് സ്‌ത്രീകൾ ഉൾപ്പടെയുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. ബാങ്കിലെ പണമിടപാടുകളെ കുറിച്ച് ചോദിച്ചപ്പോൾ പരസ്‌പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. തുടർന്ന് അക്കൗണ്ടിലെ മുഴുവൻ വിവരങ്ങളും ശേഖരിച്ചു. മന്ത്രവാദി സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവ ദിവസം പ്രദേശത്ത് കണ്ടെത്തി.
ഗഫൂറും മന്ത്രവാദിനിയും തമ്മിൽ നടത്തിയ വാട്‌സ് ആപ് സന്ദേശങ്ങളും വീണ്ടെടുത്തു. ഗഫൂറിൽ നിന്ന് ജിന്നുമ്മ പത്തുലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിന്റെ രേഖകളും കണ്ടെത്തിയിരുന്നു. മുൻപ് ഹണിട്രാപ്പിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ജിന്നുമ്മയും ഭർത്താവും റിമാൻഡിലായിരുന്നു. ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണം കവർന്ന കേസിലും ജിന്നുമ്മ നേരത്തെ റിമാൻഡിലായിരുന്നു.
Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു