ഗവർണറുടെ ചാൻസലർ സ്‌ഥാനം: ബിൽ ഇന്ന് നിയമസഭയിൽ

ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. പകരമായി മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധരെയോ ചാൻസലർ സ്‌ഥാനത്തേക്ക് പരിഗണിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനം എടുത്തിരുന്നു

By Trainee Reporter, Malabar News
Governor's Chancellor position: Bill in Assembly today

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. അതത് മേഖലകളിലെ പ്രഗൽഭരെ ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ. ഇംഗ്ളീഷിലും മലയാളത്തിലുമായി രണ്ടു ബില്ലുകളാണ് അവതരിപ്പിക്കുക.

ബില്ലിലെ സംശയങ്ങൾ ദൂരീകരിക്കാനും നിയമസാധുത ഉറപ്പ് വരുത്താനും അഡ്വക്കേറ്റ് ജനറലിനെ ഇന്നത്തെ സഭാ സമ്മേളനത്തിലേക്ക് ക്ഷണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്തെ 15 സർവകലാശാലകളുടെ ചാൻസലർ സ്‌ഥാനത്ത്‌ നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലാണിത്. അതത് സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നുവേണം ചാൻസലറെ നീക്കം ചെയ്യേണ്ടത്.

ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. പകരമായി മന്ത്രിമാരേയോ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദഗ്‌ധരെയോ ചാൻസലർ സ്‌ഥാനത്തേക്ക് പരിഗണിക്കാൻ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനം എടുത്തിരുന്നു.

കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സംസ്‌കൃതം, മലയാളം സർവകലാശാലകൾക്ക് എല്ലാം കൂടി ഒരു ചാൻസലർ. കുസാറ്റ്, ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് പൊതുവായി ഒരു ചാൻസലർ, ആരോഗ്യ സർവകലാശാലക്കും ഫിഷറീസ് സർവകലാശാലക്കും പ്രത്യേകം പ്രത്യേകം ചാൻസലർ ഇങ്ങനെയാണ് പുതിയ ഓർഡിനൻസിൽ സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ, ചാൻസലർ സ്‌ഥാനത്ത്‌ നിന്നും മാറ്റാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നില്ല.

തുടർന്ന് വിഷയം പല വാദപ്രതിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ബില്ലിനെ ശക്‌തമായി എതിർക്കുകയാണ് പ്രതിപക്ഷം. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരുന്നു. ചാൻസലർ സ്‌ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതോടെ സിപിഎം ഭരണമാകും സർവകലാശാലകളിൽ നടക്കുകയെന്നും അത് അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പ്രതികരിച്ചു.

സമാനമായ രീതിയിൽ ബംഗാളിൽ ഗവർണറെ ചാൻസലർ സ്‌ഥാനത്തുനിന്ന് നീക്കി പകരം മുഖ്യമന്ത്രിക്ക് ആ ചുമതല നൽകിയ ചരിത്രമുണ്ട്. ഇതേ രീതിയാണ് നിയമോപദേശകരുടെ പിൻബലത്തിൽ കേരളവും തുടരുകയെന്നും വിഡി സതീശൻ പ്രതികരിച്ചിരുന്നു. ഇതോടെ, ഇന്ന് ബില്ലിലിൻമേൽ ചൂടേറിയ വാദപ്രതിവാദങ്ങൾക്കാണ് സാധ്യത.

ഓർഡിനൻസിന് സമാനമായി ബില്ലിലും ഗവർണർ ഒപ്പിടാൻ ഇടയില്ല. അതേസമയം, പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും ലീഗിന്റെ നിലപാട് ഇന്ന് നിർണായകമാണ്. പലഘട്ടങ്ങളിലും ഗവർണക്കെതിരെ നിലപാട് സ്വീകരിച്ച മുസ്‌ലിം ലീഗ് ഇന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് പ്രധാനം.

Most Read: വിഴിഞ്ഞം സമവായ ചർച്ചകൾക്ക് വിജയം; സമരം അവസാനിപ്പിച്ച് സമരസമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE