വിഴിഞ്ഞം സമവായ ചർച്ചകൾക്ക് വിജയം; സമരം അവസാനിപ്പിച്ച് സമരസമിതി

വാടക പൂർണമായും സർക്കാർ നൽകും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്‌തമാക്കി. അദാനി ഫണ്ടിൽ നിന്നും 2,500 രൂപ തരാം എന്ന സർക്കാർ വാഗ്‌ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു

By Trainee Reporter, Malabar News
vizhinjam strike
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞത്ത് സമവായ ചർച്ചകൾക്ക് വിജയം. സമരം അവസാനിപ്പിച്ച് സമരസമിതി തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് പിന്നാലെയാണ് തീരുമാനം. സമരം പിൻവലിക്കാൻ സർക്കാർ വിട്ടുവീഴ്‌ച ചെയ്‌തെന്ന് സമരസമിതി വ്യക്‌തമാക്കി. മന്ത്രിസഭ ഉപസമിതിയും സമരക്കാരുമായുള്ള ചർച്ചക്ക് പിന്നാലെയായിരുന്നു സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

നാല് നിർദ്ദേശങ്ങളാണ് സമരസമിതി പ്രധാനമായും ചർച്ചയിൽ മുന്നോട്ട് വെച്ചത്. വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം, കടൽക്ഷോഭത്തിന് വീട് നഷ്‌ടപ്പെട്ടവർക്ക് 8,000 രൂപ പ്രതിമാസ വാടക നൽകണം, ഇതിനായുള്ള പണം അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നും വേണ്ട, തീരശോഷണം പഠിക്കാനുള്ള സമിതിയിൽ പ്രാദേശിക വിദഗ്‌ധൻ വേണം എന്നിവയായിരുന്നു നാല് നിർദ്ദേശങ്ങൾ.

വാടക പൂർണമായും സർക്കാർ നൽകും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്‌തമാക്കി. അദാനി ഫണ്ടിൽ നിന്നും 2,500 രൂപ തരാം എന്ന സർക്കാർ വാഗ്‌ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്‌ടപരിഹാരം സർക്കാർ നൽകാനും ധാരണയായി. തീരശോഷണത്തിൽ വിദഗ്‌ധ സമിതി സമരസമിതിയുമായി ചർച്ച നടത്തും. തീരശോഷണം പഠിക്കാൻ സമരസമിതിയും വിദഗ്‌ധ സമിതിയെ വെക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പ് പാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിങ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു. അതിനിടെ, വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്‌തി ഇല്ലെങ്കിലും സമരം അവസാനിപ്പിക്കുക ആണെന്നും ഫാദർ യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്നും യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൾ കർഷക സമരം താൽക്കാലികമായി പിൻവലിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കലാപത്തിലേക്ക് പോകാതിരിക്കാൻ ലത്തീൻ സഭ ഇക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സമരം നടത്തിയത് പണത്തിന് വേണ്ടിയല്ലെന്നും അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് പണം വേണ്ടെന്നും യൂജിൻ പെരേര കൂട്ടിച്ചേർത്തു.

Most Read: കെഎം ബഷീര്‍ കേസ്; വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE