ആദ്യ കപ്പലിനെ വരവേൽക്കാൻ വിഴിഞ്ഞം; പ്രതീക്ഷയോടെ സംസ്‌ഥാന സർക്കാർ

ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്, വാട്ടർവേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥി ആവും.

By Trainee Reporter, Malabar News
vizhinjam-port
Representational image
Ajwa Travels

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ കപ്പലിന് ഇന്ന് ഔദ്യോഗിക സ്വീകരണം. ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 15 കപ്പലിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി വരവേൽക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ്, വാട്ടർവേയ്‌സ്-ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥി ആവും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും.

സംസ്‌ഥാനത്തെ മന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും ജനപ്രതിനിധികളും വിശിഷ്‌ട വ്യക്‌തികളും ചടങ്ങിൽ സംബന്ധിക്കും. ഓഗസ്‌റ്റ് 30ന് ചൈനയിൽ നിന്ന് പുറപ്പെട്ട കപ്പൽ, ഒന്നരമാസം നീണ്ട യാത്ര പൂർത്തിയാക്കിയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പൽ. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

34 വർഷം പ്രായമുള്ള കപ്പലാണ് ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത കപ്പലാണിത്. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴമുണ്ട്. 70 ടൺ ശേഷിയുള്ളതാണ് ഇവ. രാജ്യത്തെ തുറമുഖങ്ങളിൽ ഇന്ന് ഉപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷിപ് ക്രെയിനുമായാണ് കപ്പലെത്തിയത്. വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷിപ് ക്രെയിനുകളാണ് എത്തിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് ഷെൻഹുവ 15ൽ ഉള്ളത്.

പ്രൗഢഗംഭീര ചടങ്ങോടെയാണ് സംസ്‌ഥാനം കപ്പലിനെ ഔദ്യോഗികമായി സ്വീകരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർ മൂന്ന് മണിക്ക് മുമ്പായി തുറമുഖത്ത് എത്തണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്‌ത്‌ സുരക്ഷാ പരിശോധനകൾക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ സദസിലേക്ക് എത്തിക്കും.

പ്രവേശനത്തിന് പ്രത്യേക പാസുകളില്ല. മുഴുവൻ ജനങ്ങൾക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. തമ്പാനൂർ കെഎസ്ആർടിസി സ്‌റ്റാൻഡിൽ നിന്നും ഉച്ചക്ക് രണ്ടു മണിമുതൽ വിഴിഞ്ഞത്തെത്തും. ആറ് മണിമുതൽ തിരിച്ചും സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങൾ പാലിച്ചും സുരക്ഷാ ഉദ്യോഗസ്‌ഥരോട്‌ സഹകരിച്ചും ചടങ്ങിൽ വിജയിപ്പിക്കണമെന്നും തുറമുഖ മന്ത്രി അഭ്യർഥിച്ചു.

അതേസമയം, ആദ്യ കപ്പൽ എത്തിയെങ്കിലും ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ ഇനിയും കടമ്പകൾ ഏറെയുണ്ട്. മെയിൽ ഇവ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും തുറമുഖം കമ്മീഷൻ ചെയ്യുക. നിലവിൽ ബെർത്തിന് 270 മീറ്റർ നീളമാണുള്ളത്. ക്രെയിനുകളുമായി എത്തുന്ന ഷെൻഹുവ 15 എന്ന കപ്പലിന് 233.6 മീറ്റർ നീളമാണുള്ളത്. മെയ് മാസത്തിന് മുൻപ് ബെർത്തിൽ നീളം 800 മീറ്ററാക്കി ഉയർത്തുമെന്ന് കമ്പനി അധികൃതർ പറയുന്നു.

വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ വർഷം 400 കോടിയോളം രൂപ നികുതി അടക്കമുള്ള ഇനങ്ങളിൽ സംസ്‌ഥാന സർക്കാരിന് ലഭിക്കും. സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന് വലിയ നേട്ടമാകും ഇത്. കരാർ പ്രകാരം 15ആം വർഷം മുതലാണ് സർക്കാരിന് ലാഭവിഹിതം കിട്ടുകയെങ്കിലും അതിന് മുൻപ് തന്നെ നികുതി വരുമാനം ലഭിക്കുന്നത് ബോണസാണ്.

കപ്പലുകളിൽ നിന്ന് തുറമുഖം ഈടാക്കുന്ന ഫീസ്, കണ്ടെയ്‌നർ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകൾ, ഇന്ധനം നിറയ്‌ക്കുന്നതിനുള്ള ചിലവ് തുടങ്ങിയവയുടെ ചരക്ക് സേവന നികുതിയാണ് സർക്കാരിനുള്ള മുഖ്യ വരുമാനം. മിക്ക ഇടപാടുകൾക്കും 18 ശതമാനമാണ് ജിഎസ്‌ടി. ഇത് കേന്ദ്രവും സംസ്‌ഥാനവും തുല്യമായി വീതിച്ചെടുക്കും. തുറമുഖത്തേക്ക് എത്തുന്ന യന്ത്രങ്ങൾക്കും മറ്റുമുള്ള ഐജിസ്‌ടിയാണ് മറ്റൊരു മുഖ്യവരുമാനം.

കഴിഞ്ഞ ദിവസം മൂന്ന് ക്രെയിനുകൾ എത്തിച്ചപ്പോൾ 30 കോടി രൂപ ജിഎസ്‌ടി ലഭിച്ചു. 2007ൽ തുറമുഖം പൂർണ സജ്‌ജമാകുന്നതോടെ 30 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാകും. കൊളംബോ, ദുബായ് ജബൽ അലി, സിംഗപ്പൂർ തുറമുഖങ്ങളെ ആശ്രയിക്കുന്ന കപ്പലുകളിൽ മുക്കാൽ പങ്കും അതോടെ വിഴിഞ്ഞത്തേക്ക് വന്നേക്കും. തുറമുഖത്തിന് വർഷം 2500 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

Most Read| ഇസ്രയേൽ സൈനികരെ സന്ദർശിച്ചു നെതന്യാഹു; അടുത്തഘട്ടം ഉടനെന്ന് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE