ടെൽ അവീവ്: ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ സന്ദർശിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരവഴിയുള്ള യുദ്ധം ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്‌തു. അടുത്തഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു പറഞ്ഞത്. ഗാസ അതിർത്തിയിൽ ഇസ്രയേൽ സൈനികർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രധാനമന്ത്രി എക്‌സ് പ്ളാറ്റുഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളെല്ലാം സജ്‌ജം എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
കരയിലൂടെ വടക്കൻ ഗാസയിലേക്ക് യുദ്ധം ആരംഭിക്കാനുള്ള നീക്കത്തിന് മുന്നോടിയായാണ് നെതന്യാഹുവിന്റെ സന്ദർശനമെന്നാണ് റിപ്പോർട്ടുകൾ. ഹമാസ് നേതാക്കളെയെല്ലാം ഇല്ലാതാക്കുമെന്നും ഗാസ തുടച്ചുനീക്കുമെന്നും കഴിഞ്ഞ ദിവസം ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധം അവസാനിക്കാനുള്ള ആവശ്യം ഒരുഭാഗത്ത് ശക്‌തമാകുമ്പോഴാണ് കൂടുതൽ സൈനിക നടപടികളിലേക്ക് ഇസ്രയേൽ കടക്കുന്നത്.
ഇതിനിടെ, ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്‌ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. എന്നാൽ, അബു മുറാദിന്റെ മരണം ഹമാസ് സ്‌ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞയാഴ്‌ച മുതൽ ഇസ്രയേലിൽ ആരംഭിച്ച ആക്രമണത്തിന് ഹമാസിന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്‌തിയാണ് അബു മുറാദെന്നാണ് റിപ്പോർട്ടുകൾ.
ഞങ്ങളുടെ ശത്രുക്കൾ അനുഭവിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്ക് വെളിപ്പെടുത്താനാവില്ല എന്നാണ് നെതന്യാഹു പറഞ്ഞത്. അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ വ്യാപക പരിശോധന നടത്തി. കരയുദ്ധത്തിന് മുന്നോടിയായാണ് ഇതെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നാണ് പലസ്‌തീൻ ജനതയ്‌ക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി നിരവധിയാളുകൾ ഈജിപ്‌ത് അതിർത്തിയോട് ചേർന്ന ഗാസയുടെ തെക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം