തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉൽഘാടനത്തിൽ നിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. ആരെയെങ്കിലും വിട്ടുപോയെങ്കിൽ പരിശോധിക്കും. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. പ്രശ്‌നങ്ങൾ പരിഹരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക മൽസ്യത്തൊഴിലാളികൾക്ക് ആയിരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
ലത്തീൻ സഭ ഉന്നയിച്ച എട്ടു കാര്യങ്ങളിൽ ഏഴും അംഗീകരിച്ചിട്ടുണ്ട്. പദ്ധതി നിർത്തിവെക്കണമെന്നത് സർക്കാർ അഗീകരിക്കില്ലെന്ന് നേരത്തെ വ്യക്‌തമാക്കിയതാണ്. സർക്കാരിനിത് ഏതെങ്കിലും തരത്തിലുള്ള ഈഗോയുടെ പ്രശ്‌നം അല്ല. പ്രശ്‌നം ഉണ്ടെങ്കിൽ ഏത് ഘട്ടത്തിലും ആരുമായും ചർച്ചക്ക് തയ്യാറാണ്. കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ താലോലിച്ച സ്വപ്‌നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്ന് ലത്തീൻ അതിരൂപത വികാരി ജന. ഫാ യൂജിൻ പെരേര പ്രതികരിച്ചു. തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ മഹാ ആഘോഷമായി നടത്തുന്നത്. എന്നാൽ, ഇത് അനാവശ്യമാണ്. സർക്കാർ തങ്ങളുടെ അനുമതിയില്ലാതെ ആർച്ച് ബിഷപ്പിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസിൽ വെച്ചതായും, ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യൂജിൻ പെരേര ആരോപിച്ചു.
അതേസമയം, നാളത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചിരുന്നു. എന്നാൽ, സഭ അതിനെ നിരൂൽസാഹപ്പെടുത്തുകയാണ് ചെയ്‌തത്. വിഴിഞ്ഞം മറ്റൊരു മുതലപ്പൊഴിയായി മാറുമെന്നും സഹകരണ മേഖലയിൽ ഉൾപ്പടെ സർക്കാരിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസമില്ലെന്നും ഫാ.യൂജിൻ പെരേര കൂട്ടിച്ചേർത്തു.
Most Read| കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ; ഗാസമേഖലയിൽ റെയ്‌ഡ് തുടങ്ങി