ഷാരോണിനെ കൊന്നതാണെന്ന് ഗ്രീഷ്‌മ സമ്മതിച്ചു; കൊലപാതകം മാസങ്ങളുടെ ആസൂത്രണശേഷം

ജൂസ് ചലഞ്ചും, താൻ കഴിക്കുന്ന കഷായത്തിന് കയ്‌പ്പാണെന്ന് ഷാരോണിനെ വിശ്വസിപ്പിച്ചതും ഗൂഗ്ളിൽ സേർച്ച് ചെയ്‌ത്‌ സംശയ രഹിത കൊലപാതകത്തിന് ആവശ്യമായ കാര്യങ്ങൾ പഠിച്ചതും ഉൾപ്പടെ കാമുകിയായ ഗ്രീഷ്‌മ നീണ്ട തയ്യാറെടുപ്പുകളുടെ അവസാനമാണ് കൊലപാതകം നടത്തിയത്. മറ്റൊരാൾ കൂടി നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തെന്നും പോലീസ് സംശയിക്കുന്നുണ്ട്.

By Central Desk, Malabar News
Sharon Killed by Lover Greeshma
ഗ്രീഷ്‌മ, കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്‌മയും
Ajwa Travels

തിരുവനന്തപുരം: പാറശാലയിൽ കാമുകിയുടെ വീട്ടിൽ നിന്ന് കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകിയായ ഗ്രീഷ്‌മയാണ് കൊലപാതകം നടത്തിയത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് ഗ്രീഷ്‌മ കൊലപാതകം നടത്തിയത്.

ബിഎസ് സി റേഡിയോളജി വിദ്യാര്‍ഥിയായ, പാറശ്ശാല മുര്യങ്കര കുഴിവിള സ്വദേശി ഷാരോണ്‍ ഈമാസം 14നാണ് കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. ഇവിടെ നിന്ന് കാമുകി നൽകിയ കഷായവും ജൂസും കുടിച്ച് അവശനായ ഷാരോണിനെ സുഹൃത്താണ് തിരികെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്നു ആശുപത്രികളിൽ മാറിമാറി ചികിൽസിക്കുകയും ചെയ്‌തു. ചികിൽസക്കിടെ ഈ മാസം 25നായിരുന്നു ഷാരോണിന്റെ മരണം.

ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് ഗ്രീഷ്‌മയുടെ മൊഴി. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ് കഷായത്തിൽ കലർത്തി നൽകിയതെന്നാണ് വിവരം. ഇതിനായി ഗ്രീഷ്‌മ ഗൂഗ്ളിൽ സേർച്ച് ചെയ്‌തതായും കണ്ടെത്തിയിട്ടുണ്ട്. വീട്ടിൽ താമസിക്കുന്ന കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് പെൺകുട്ടി ഷാരോണിനു നൽകിയത് എന്നാണ് സൂചന. കൊലപാതകം നടത്താൻ മറ്റൊരാൾ കൂടി സഹായിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

എന്നാൽ, ഏത് വിഷമാണ് ഇതിനായി തിരഞ്ഞെടുത്തത് എന്നതടക്കമുള്ള കാര്യങ്ങളില്‍ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം മാത്രമേ വ്യക്‌തത വരൂ. ഷാരോണ്‍ രാജിന്റെ അവസാന ശബ്‌ദ സന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംശയ മുനകള്‍ കാമുകിയിലേക്ക് നീങ്ങിയിരുന്നു.

Sharon Killed by Lover Greeshma
കൊലപാതകം നടത്തിയ ഗ്രീഷ്‌മ

പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ‌പെൺകുട്ടിയെ ഇന്ന് സുദീർഘമായി ചെയ്യുകയായിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് ഗ്രീഷ്‌മയെ ചോദ്യം ചെയ്‌തത്‌. ചോദ്യം ചെയ്യലില്‍ ഗ്രീഷ്‌മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഗ്രീഷ്‌മ പതറുകയും കുറ്റം സമ്മതിക്കുകയും ആയിരുന്നു.

വളരെ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിട്ടുള്ളത്. താൻ ഒരു മാസമായി കഴിക്കുന്ന കഷായത്തിന് കയ്‌പ്പ് രുചിയാണെന്നും കുടിക്കാൻ ബുദ്ധിമുട്ടാണെന്നും ഷാരോണിനോട് കാമുകി വീട്ടിൽവച്ച് പറഞ്ഞപ്പോൾ ഷാരോൺ കഷായം കുടിച്ചു നോക്കുകയായിരുന്നു എന്നാണ് പെൺകുട്ടി സുഹൃത്തിനോട് ഫോൺ സംഭാഷണത്തിൽ പറയുന്നത്. കഷായം കുടിച്ചു കാണിച്ച ഷാരോണിന് പിന്നീട് കാമുകി ജൂസ് കുടിക്കാനായി നൽകി. ഇതോടെ ഷാരോൺ ഛർദിച്ചു. അവിടെ നിന്നിറങ്ങിയ ഷാരോൺ പുറത്തു തന്നെ കാത്തുനിന്നിരുന്ന സുഹൃത്തിനൊപ്പം പിന്നീട് വീട്ടിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും പോകുകയായിരുന്നു.

അതേസമയം പെണ്‍സുഹൃത്ത് ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്‌തമാക്കി ഷാരോണിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്ന ഒരു വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. പെണ്‍കുട്ടിയും ഷാരോണും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതാണ് കൂടുതല്‍ സംശയത്തിലേക്ക് നയിച്ചത്.

സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്‌ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടു വന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ജ്യുസ് നല്‍കുന്നത് ടെസ്‌റ്റ് ഡോസായിരുന്നെന്നും സ്‌ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതില്‍ വിഷമുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഷാരോണിനെ വിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം ആരോപിക്കുന്നു.

അതേസമയം ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും വിശദമായ പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്‌തതവരികയുള്ളൂവെന്നാണ് അന്വേഷണസംഘം പറയുന്നത്. വിശദമായ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ചൊവ്വാഴ്‌ച കിട്ടുമെന്നാണു ക്രൈംബ്രാഞ്ച് നിഗമനം. ഇതിനു ശേഷം ആവശ്യമെങ്കിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആന്തരികാവയവങ്ങളുടെ തകരാറാണ് മരണ കാരണമെന്നാണു പ്രാഥമിക പോസ്‌റ്റ്‌മോർട്ടം പറയുന്നത്.

Most Read: ക്‌ളാസ്‌ മുറികളിൽ മതചിഹ്‌നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതര വിരുദ്ധം; ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE