ഗ്യാൻവാപി മസ്‌ജിദ് കേസ്: പ്രാഥമിക വിധി ഇന്നുണ്ടായേക്കും; പ്രദേശത്ത് 144 പ്രഖ്യാപിച്ചു

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്‌ഥിതി ചെയ്യുന്ന മുസ്‌ലിം ആരാധനാ മന്ദിരമാണ് ഗ്യാൻവാപി മസ്‌ജിദ്‌. വീട്ടമ്മമാരായ 5 പേരാണ് കേസിലെ വാദിഭാഗത്തുള്ളത്. വീട്ടമ്മമാരായ ഈ 5 ഹരജിക്കാരെ നിയമ വ്യവഹാരത്തിലേക്ക് എത്തിക്കുന്നത് ഹിന്ദുത്വ സംഘടനയായ 'വിശ്വ വേദിക് സനാതൻ സംഘ്' ആണെന്ന് വാർത്തകൾ പറയുന്നുണ്ട്.

By Central Desk, Malabar News
Gyanwapi Masjid case
Ajwa Travels

വാരാണസി: ഗ്യാൻവാപി മസ്‌ജിദുമായി ബന്ധപ്പെട്ട ഹരജികളിൽ ഇന്നു വാരാണസി ജില്ലാ കോടതി പ്രാഥമിക വിധി നടത്തിയേക്കും. ഹരജികൾക്ക് നിയമപരമായി നിലനിൽക്കുമോ എന്ന തർക്കത്തിലാണ് ഇന്ന് വിധി പറയുക. വിഷയത്തിൽ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം നേരത്തേ പൂർത്തീകരിച്ചിരുന്നു.

വിധി പറയുന്നതിന് മുന്നോടിയായി നഗരത്തിൽ നിരോധനാജ്‌ഞ നടപ്പാക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്‌തിട്ടുണ്ട്‌. നഗരത്തിൽ പ്രശ്‌ന സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ പോലീസ് പട്രോളിംഗ് തുടരുകയാണ്. സമൂഹ മാദ്ധ്യമങ്ങളും പോലീസ് നിരീക്ഷണത്തിലാണ്.

നേരത്തെ, ഗ്യാൻവാപി മസ്‌ജിദിന്റെ പുറം ഭിത്തിയിൽ സ്‌ഥാപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങൾ ദിവസേന ആരാധിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 5 സ്‌ത്രീകൾ ഹർജി സമർപ്പിച്ചിരുന്നു. വാരണാസി സ്വദേശികളായ ലക്ഷ്‌മി ദേവി, സീതാ സാഹു, മഞ്‍ജു വ്യാസ്, രേഖാ പഥക്, ഡെൽഹി സ്വദേശിയായ രാഖി സിങ് എന്നിവരാണ് ഈ അഞ്ചു പരാതിക്കാർ.

എന്നാൽ, ഗ്യാൻവാപി പള്ളി വഖഫ് സ്വത്താണെന്ന് വാദിച്ച അഞ്ജുമാൻ ഇന്റസാമിയ മസ്‌ജിദ്‌ കമ്മിറ്റി ഹർജിയെ ചോദ്യം ചെയ്‌തു. തുടർന്ന്, ക്ഷേത്രം തകർത്താണ് മസ്‌ജിദ്‌ നിർമിച്ചതെന്ന് ഹിന്ദു പക്ഷത്തെ അഭിഭാഷകൻ വാദിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ജില്ലാ കോടതി കേസ് പരിഗണിക്കുന്നത്.

Gyanwapi Masjid case_Preliminary verdict likely today_144 declared in the area
ഹരജിക്കാരിൽ മൂന്നുപേരായ സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക് എന്നിവർ..

കേസിന്റെ ഭാഗമായി സമുച്ചയത്തിന്റെ വീഡിയോഗ്രാഫി സർവേ കീഴ്‌ക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി നടത്തിയ വീഡിയോഗ്രാഫി സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദു പക്ഷം അവകാശപ്പെട്ടു. എന്നാൽ, വാട്ടർ പൈപ്പുകൾ വരുന്നതിന് മുൻപ് അംഗസ്‌നാനം നടത്താൻ ഉപയോഗിച്ചിരുന്ന കരിങ്കൽ ഉപകരണമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച് മുസ്‌ലിം വിഭാഗം ഹിന്ദുപക്ഷ അവകാശവാദത്തെ എതിർത്തു. ഈ കാലുഷ്യത്തിന് പരിഹാരം കാണാനുള്ള പ്രാഥമിക വിധിയാണ് ഇന്നുണ്ടാകുക.

ഈ വിഷയത്തിൽ ആർഎസ്‌എസ്‌ ദേശീയ മേധാവി മോഹൻ ഭ​ഗവത് പ്രതികരിച്ചിരുന്നു. എന്തിനാണ് എല്ലാ പള്ളികളിലും ശിവലിംഗം തിരയുന്നതെന്നും എന്തിനാണ് പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതെന്നും മോഹൻ ഭഗവത് ഹിന്ദുപക്ഷത്തോട് ചോദിച്ചിരുന്നു. അഭിപ്രായ ഭിന്നതകൾ മുസ്‍ലിംകളും ഹിന്ദുക്കളും ചർച്ച ചെയ്‌ത്‌ പരിഹരിക്കണം. ചർച്ചകളിലൂടെ പരിഹാരം സാധ്യമാകാത്ത വിഷയങ്ങളിൽ കോടതിയെ സമീപിക്കാം. വിഷയത്തിൽ കോടതി പുറപ്പെടുവിക്കുന്ന വിധിയെ അംഗീകരിക്കുക. ഇതാണ് ഇരുകൂട്ടരും ചെയ്യേണ്ടതെന്നും മോഹൻ ഭാഗവത് അന്ന് വ്യക്‌തമാക്കിയിരുന്നു.

Most Read: യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE