ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കി സാര്‍വത്രിക പ്രതിരോധ ശേഷി സൃഷ്‌ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ എല്ലാ വ്യക്‌തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് ലോക്‌സഭയില്‍ എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രാഥമിക പരിഗണന അര്‍ഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരൻമാര്‍ക്കും അതിന് ശേഷം 45നും 59നും മധ്യേ പ്രായ പരിധിയിലുള്ളവർക്കും ആണ് ഇപ്പോള്‍ രാജ്യത്ത് വാക്‌സിന്‍ നൽകുന്നത്.
വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ വ്യാപകമാക്കും. ഇന്ത്യയിലെ വിദഗ്‌ധരുടെ അഭിപ്രായം മാത്രമല്ല, ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇതെന്ന് ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
ശാസ്‍ത്രീയമായി, ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ട ആവശ്യകതയില്ല. പ്രാഥമിക പരിഗണന എന്നത് വ്യത്യാസപ്പെടാം. വൈറസിനും വ്യതിയാനം സംഭവിച്ച് കൊണ്ടിരിക്കുന്നു. എല്ലാ കാര്യങ്ങള്‍ക്കും ശാസ്‌ത്രീയമായ അടിത്തറയുണ്ടെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി, വിദഗ്‌ധരുടെ വിശദമായ പഠനത്തിന് ശേഷമാണ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്നത്. അതുകൊണ്ട് വാക്‌സിന്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും വാക്‌സിന്‍ ഫലപ്രാപ്‌തിയെ കുറിച്ചുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് സിങ് ബിട്ടുവിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
Read Also: ഡെൽഹിയിൽ ശൈശവ വിവാഹം; വനിതാ കമ്മീഷൻ ഇടപെട്ടു; 15കാരിയെ രക്ഷപെടുത്തി