ന്യൂഡെൽഹി: പതിനഞ്ച് വയസുകാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ഡെൽഹി വനിതാ കമ്മീഷൻ തടഞ്ഞു. നോർത്ത് ഡെൽഹിയിലെ ജഹാംഗീർപുരിയിലാണ് ശൈശവ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
ശൈശവ വിവാഹം നടക്കാൻ പോകുന്നു എന്ന അജ്‌ഞാത സന്ദേശത്തെ തുടർന്നാണ് വനിതാ കമ്മീഷൻ സ്‌ഥലത്തെത്തിയത്. പെൺകുട്ടിയെ മതം മാറ്റാനും ശ്രമം നടക്കുന്നതായി വനിതാ കമ്മീഷന് ലഭിച്ച സന്ദേശത്തിൽ പറയുന്നു.
തുടർന്ന്, വിവാഹ ദിവസം വരൻ എത്തുന്ന സമയത്ത് വനിതാ കമ്മീഷണർ ഡെൽഹി പോലീസുമായി എത്തി പെൺകുട്ടിയോട് സംസാരിച്ചു. തനിക്ക് 15 വയസാണ് പ്രായമെന്ന് കുട്ടി വ്യക്‌തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുന്നതിന് കുട്ടിയുടെ ബന്ധുക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
പെൺകുട്ടിയെ മൊഴിയെടുത്ത ശേഷം ശിശുക്ഷേമ വകുപ്പ് സമിതിക്ക് മുന്നിൽ ഹാജരാക്കി. രാജ്യത്ത് ശൈശവ വിവാഹം ഇപ്പോഴും നടക്കുന്നു എന്നത് ഏറെ ഖേദകരമാണെന്ന് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. പെൺകുട്ടികളുടെ ബാല്യം നശിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബാല്യ വിവാഹങ്ങൾ തടയുന്നതിന്റെ ഭാഗമായി പല സംസ്‌ഥാനങ്ങളും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ ശൈശവ വിവാഹങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും പുറത്തിറക്കിയിരുന്നു. ശൈശവ വിവാഹം തടയുന്നതിന്റെ ഭാഗമായി പൊതുജനപങ്കാളിത്തം ഉറപ്പാക്കാൻ വിവരം നൽകുന്ന വ്യക്‌തിക്ക് 2500 രൂപ നിരക്കിലാണ് പാരിതോഷികം നൽകുന്നത്. വ്യക്‌തമായ വിവരങ്ങൾ മുൻകൂട്ടി അറിയിക്കുകയും അത് സത്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ് പാരിതോഷികം നൽകുന്നത്.
Also Read: സമരപന്തൽ വിവാഹ മണ്ഡപമാക്കി; കർഷക സമരത്തിന് വേറിട്ട ഐക്യദാർഢ്യം