തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്താലാണ് കേരളത്തിലും മഴ തുടരുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കുറഞ്ഞ സമയം കൊണ്ട് ഈ ജില്ലകളിൽ വലിയ അളവിൽ മഴ ലഭിച്ചേക്കും.
മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മിന്നൽ പ്രളയം എന്നിവ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. കോട്ടയം, വായനാട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ശബരിമലയിൽ ശനിയാഴ്‌ച വൈകിട്ട് തുടങ്ങിയ മഴയ്‌ക്ക് ഇന്ന് രാവിലെയോടെ നേരിയ ശമനമുണ്ട്. പമ്പയിൽ ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് തുടരും. മധ്യ തെക്കൻ കേരളത്തിലെ മലയോര മേഖലകളിലും ജാഗ്രത വേണം.
ഇടിമിന്നലോട് കൂടിയ മഴയായിരിക്കും പെയ്യുക. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ഈ മാസം നാലുവരെ നിരോധിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ക്വാറി പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.
സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫീ നമ്പറുകളിൽ ബന്ധപ്പെടാം. അതിനിടെ, ചെന്നൈ- നാഗർകോവിൽ വന്ദേഭാരത്, ചെന്നൈ-ഗുരുവായൂർ എക്‌സ്‌പ്രസ് ഉൾപ്പടെ പത്ത് ട്രെയിനുകൾ റദ്ദാക്കി.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!