അലഹബാദ്: ഐഐടിയിൽ അഡ്‌മിഷന് അർഹതയുണ്ടായിട്ടും ഫീസ് അടക്കാൻ മാർഗമില്ലാതെ വലഞ്ഞ ദളിത് പെൺകുട്ടിക്ക് കൈത്താങ്ങുമായി ഹൈക്കോടതി ജഡ്‌ജി. സീറ്റ് അലോക്കേഷൻ ഫീസ് ആയ 15,000 രൂപ ജഡ്‌ജി സ്വന്തം കയ്യിൽനിന്ന് നൽകി. ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിൽ നിന്നാണ് ഈ വാർത്ത. സംസ്‌കൃതി രഞ്‌ജൻ എന്ന 17കാരിക്കാണ് അലഹാബാദ് ഹൈക്കോടതിയിലെ ജഡ്‌ജി ജസ്‌റ്റിസ് ദിനേശ് കുമാർ സിംഗ് സഹായ ഹസ്‌തവുമായെത്തിയത്.
ഗുരുതര വൃക്കരോഗത്തിന് ചികിൽസയിലാണ് സംസ്‌കൃതിയുടെ പിതാവ്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്‌ടർമാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ആഴ്‌ചയിൽ രണ്ടുവട്ടം ഡയാലിസിസ് നടത്തുന്നതിലൂടെയാണ് ജീവൻ പിടിച്ചുനിർത്തുന്നത്. ഈ സാഹചര്യത്തിൽ അഡ്‌മിഷന് പണം കണ്ടെത്തുക എന്നത് സംസ്‌കൃതിയെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു. ഇതേത്തുടർന്നാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
അഡ്‌മിഷന് ആവശ്യമായ രേഖകളുമായി മൂന്നു ദിവസത്തിനുള്ളിൽ വാരണാസിയിലെ ഐഐടി കേന്ദ്രത്തെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. സീറ്റ് ഒഴിവില്ലെങ്കിൽ സംസ്‌കൃതിക്കു വേണ്ടി പ്രത്യേകം ഒരു സീറ്റ് അനുവദിക്കാനും കോടതി ഐഐടിക്ക് നിർദ്ദേശം നൽകി. ജെഇഇയിൽ എസ്‌സി വിഭാഗത്തിൽ 2062ആം റാങ്ക് നേടിയ സംസ്‌കൃതി ഇരട്ട ബിരുദ കോഴ്‌സായ മാത്തമാറ്റിക്‌സ് ആൻഡ് കമ്പ്യൂട്ടിങ്ങിനാണ് യോഗ്യത നേടിയിരുന്നത്.
പിതാവിന്റെ ചികിൽസാ ചിലവും കോവിഡും കാരണമാണ് സംസ്‌കൃതിക്ക് പണം കണ്ടെത്താൻ സാധിക്കാതിരുന്നതെന്ന് അവർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ കോടതിയെ അറിയിച്ചു. പത്താം ക്ളാസിൽ 95.6 ശതമാനവും 12ആം ക്ളാസിൽ 94 ശതമാനവും മാർക്ക് നേടിയ സംസ്‌കൃതി മികച്ച വിദ്യാർഥിനിയാണെന്ന് കോടതി നിരീക്ഷിച്ചു. ജെഇഇയിൽ 92.77 ശതമാനം മാർക്കും പെൺകുട്ടിക്ക് ലഭിച്ചിരുന്നു.
Read Also: വിദേശ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കാനുള്ള നടപടികൾ പിൻവലിച്ച് ഇന്ത്യ