പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തി? വിമർശിച്ച് ഹൈക്കോടതി

ഇന്ന് പുലർച്ചെയാണ് നടൻ ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്. രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്‌തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.

By Senior Reporter, Malabar News
Dileep in Sabarimala
Ajwa Travels

കൊച്ചി: പോലീസ് അകമ്പടിയിൽ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു.

ഹരിവരാസനം പാടുന്ന സമയം മുതൽ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട് ഹാജരാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. സിസിടിവി ദൃശ്യങ്ങളടക്കം സമർപ്പിക്കാനാണ് നിർദ്ദേശം.

ഇന്ന് രാവിലെ നടത്തിയ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി ദിലീപിന് വിഐപി ദർശനം ലഭിച്ച വിവരം പരാമർശിച്ചത്. ഇന്ന് പുലർച്ചെയാണ് നടൻ ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്. രണ്ടും മൂന്നും മണിക്കൂർ ക്യൂ നിന്ന് ദർശനം നടത്താൻ കഴിയാതെ ഭക്‌തർ മടങ്ങിപ്പോകുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.

നടന് വിഐപി പരിഗണന കൊടുത്ത്, മറ്റ് ഭക്‌തർക്ക് ദർശനം തടസപ്പെടുത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണം, ദിലീപിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം, മുൻ ഉത്തരവുകൾക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയതെന്നും പറഞ്ഞ ഹൈക്കോടതി, ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയ ശേഷം എന്തുവേണമെന്ന് ആലോചിക്കാമെന്നും പറഞ്ഞു.

അതേസമയം, കോടതിയുടെ ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്നു ദേവസ്വം ബോർഡിന്റെ മറുപടി. ഇത് സ്‌പെഷ്യൽ സെക്യൂരിറ്റി സോൺ അല്ലേയെന്ന് കോടതി തിരിച്ചു ചോദിച്ചു. ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നത്? മറ്റുള്ളവരുടെ ദർശനമല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്‌തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിലീപിന്റെ സന്ദർശനത്തിൽ അന്വേഷണം തുടങ്ങി. ദിലീപിന് വിഐപി പരിഗണന കിട്ടിയോ എന്ന് ദേവസ്വം വിജിലൻസ് എസ്‌പി അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ നാളെ തന്നെ കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പറഞ്ഞു.

ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്‌തമായ നടപടിയെടുക്കും. നിലവിൽ സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ബോർഡിന്റെയും പോലീസിന്റെയും നിർദ്ദേശം. സോപാനത്തേത്‌ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.

Most Read| രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE