ഐഎൻഎസ് വിക്രാന്ത്; കൊച്ചിൻ ഷിപ്പ്‌യാർഡിനും കേരളത്തിനും അഭിമാന നിമിഷം

മൻമോഹൻ സിംഗ് പ്രധാനമന്ത്രി ആയിരുന്ന 2009ലാണ് 20,000 കോടിരൂപ ചെലവിൽ നിർമിച്ച ഐഎൻഎസ് വിക്രാന്ത് നിർമാണം ആരംഭിച്ചത്. 2009ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എകെ ആന്റണിയാണ് കപ്പൽ നിർമാണത്തിന് തുടക്കം കുറിച്ചത്. 2010ൽ നിർമാണം പൂർത്തിയാക്കാനും 2014ൽ കമീഷൻ ചെയ്യാനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്.

By Central Desk, Malabar News
Historical moment; India's first indigenous aircraft carrier dedicated to the nation
Ajwa Travels

കൊച്ചി: ഇന്ത്യ ആദ്യമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ തലയുയർത്തി അഭിമാനിക്കുകയാണ് കേരളവും കൊച്ചിയും. കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് ഐഎൻഎസ് വിക്രാന്ത് നിമിച്ചത്.

INS Vikrant Malayalam News
ഐഎൻഎസ്‌ വിക്രാന്ത് കടലിൽ ഇറക്കിയ 2013ലെ ചടങ്ങിൽ നിന്നുള്ള ചിത്രം

ലോകത്തെ സാക്ഷിയാക്കി, വിവിധ രാജ്യങ്ങളുടെ പതാകകൾ പറന്നു കളിക്കുന്ന ഫ്ളൈറ്റ് ഡക്കിൽ ദേശീയ ഗാനത്തിന്റെ അകമ്പടിയിൽ വിക്രാന്തിന്റെ കമ്മിഷനിംഗ് പതാക വാനിലേക്ക് ഉയർന്നു പറന്നപ്പോൾ രാജ്യമാകമാനം ‘ശക്‌തമാകുന്ന ഇന്ത്യ’ എന്ന വികാരത്തിനൊപ്പം കൈയടിക്കുമ്പോൾ കൊച്ചിയും കേരളവും അതിലേറെ അഭിമാനത്തോടെയാണ് തലയുയർത്തുന്നത്.

നാവികസേനാ ചരിത്രത്തിലും ലോക കപ്പൽ നിർമാണ ചരിത്രത്തിലും തങ്കലിപികളാൽ രേഖപ്പെടുത്തുകായാണ് ഇന്ന് കൊച്ചിയുടെ പേര്. ഇതേ ചടങ്ങിൽ ഇന്ത്യൻ നാവികസേനയുടെ പുതിയ പതാകയുടെ പ്രകാശനം പ്രധാനമന്ത്രി നിർവഹിച്ചത് കൊച്ചിക്ക് ഇരട്ടി മധുരമാണ് നൽകിയത്. നാവിക സേനയ്‌ക്ക് ഇന്ന് മുതൽ ഈ പുതിയ പതാക ആയിരിക്കും. സ്വാതന്ത്യം ലഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് പതാക മാറ്റുന്നത്.

ഇന്ത്യൻ നേവിയുടെ ഇൻ-ഹൗസ് വാർഷിപ്പ് ഡിസൈൻ ബ്യൂറോ (ഡബ്ള്യുഡിബി) രൂപകൽപ്പന ചെയ്‌തതും പൊതുമേഖലാ കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ചതുമായ കപ്പൽ അത്യാധുനിക ഓട്ടോമേഷൻ സവിശേഷതകൾ ഉൾകൊള്ളുന്നതാണ്. 

INS Vikrant Malayalam News

‘ശക്‌തമായ ഭാരതത്തിന്റെ ശക്‌തമായ ചിത്രം’ എന്നാണ് ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തിന്റെ പുണ്യഭൂമിയിൽ നിന്നും രാജ്യത്തിനായുള്ള നേട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎൻഎസ് വിക്രാന്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണെന്നും ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിരോധ രംഗത്ത് ഇന്ത്യക്ക് വൻനേട്ടമാണ് ഐഎൻഎസ് വിക്രാന്ത്. ഏഷ്യയിൽ ചൈനയ്‌ക്കൊപ്പം വിമാന വാഹിനി കപ്പൽ സ്വന്തനമായി നിർമിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രതീകമാണ് വിക്രാന്തെന്നും സമുദ്ര മേഖലയിലെ വെല്ലുവിളികൾക്ക് രാജ്യത്തിന്റെ ഉത്തരമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പറഞ്ഞു.

INS Vikrant Malayalam News

വിക്രാന്തിന് പിന്നിൽ പ്രയത്‌നിച്ചവരെയെല്ലാം പ്രധാനമന്ത്രി അഭിനന്ദിച്ചു. ഒരു ലക്ഷ്യവും അസാധ്യമാകില്ലെന്ന് വിക്രാന്ത് തെളിയിച്ചു. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

1971ലെ ഇന്ത്യ-പാകിസ്‌ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ബ്രിട്ടണിൽ നിന്ന് വാങ്ങിയ ഈ കപ്പൽ 1997ൽ ഡീ കമ്മീഷൻ ചെയ്‌തിരുന്നു. ഈ യുദ്ധക്കപ്പലിന്റെ ഓർമ നിലനിർത്താനാണ് ‘വിക്രാന്ത്’ എന്ന പേര് കപ്പലിന് നൽകിയിരിക്കുന്നത്. ഡീ കമ്മീഷൻ ചെയ്‌ത ആദ്യ ‘വിക്രാന്ത്’ മുംബൈയിലെ കഫി പരേഡിൽ ഒരു നാവിക മ്യൂസിയമായി നിലനിർത്തിയിട്ടുണ്ട്.

INS Vikrant Malayalam News

പുതിയ ‘വിക്രാന്ത്’ കപ്പലിൽ 2,300ലധികം കംമ്പാർട്ടുമെന്റുകളുണ്ട്. വനിതാ ഉദ്യോഗസ്‌ഥരെ ഉൾക്കൊള്ളാൻ പ്രത്യേക ക്യാബിനുകൾ ഉൾപ്പെടെ 1700 ഓളം ക്യാബിനുകൾ ഈ കപ്പലിൽ ഉണ്ട്. മണിക്കൂറിൽ ഏകദേശം 28 നോട്ടികൽ മൈൽ അഥവാ മണിക്കൂറിൽ 52 കി.മി വേഗതയും 18 നോട്ടികൽ മൈൽ ക്രൂയിസിംഗ് വേഗതയും വിക്രാന്തിനുണ്ട്. ഒറ്റയാത്രയിൽ 7,500 നോട്ടിക്കൽ മൈൽ യാത്ര ചെയ്യാൻ കഴിയും. വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും 62 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട്.

രാജ്യം തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യവിമാനവാഹിനി പദ്ധതിക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് 2002ലാണ്. 2007ലാണ് കൊച്ചി കപ്പല്‍ശാലയുമായി നിര്‍മാണ കരാറൊപ്പിട്ടത്. 2009ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി എകെ ആന്റണി കപ്പൽ നിർമാണത്തിന് തുടക്കം കുറിച്ച വിക്രാന്ത് 2014ൽ കമീഷൻ ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.

നിർമാണം ആരംഭിച്ചശേഷം നിരവധി തടസങ്ങളുണ്ടായി. റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി തകിടംമറിഞ്ഞു. പിന്നീട് ഡിആർഡിഒയുടെ സാങ്കേതിക സഹായത്തോടെ കപ്പൽ നിർമാണത്തിന് ആവശ്യമായ ഉരുക്ക് സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽതന്നെ ഉൽപ്പാദിപ്പിച്ചു.

INS Vikrant Malayalam News

ഗിയർബോക്‌സ് നിർമിക്കുന്നതിലുണ്ടായ സാങ്കേതികതടസം ജർമൻ സഹായത്തോടെ മറികടന്നു. ഈ തടസങ്ങൾ നീങ്ങി വന്നപ്പോൾ 2011 ഡിസംബറിൽ നിശ്‌ചയിച്ച ഉൽഘാടനം വീണ്ടും മാറ്റി. 2013 ഓഗസ്‌റ്റ് 12നു ഒരു വിമാനവാഹിനികപ്പൽ എന്നനിലയിലുള്ള പൂർത്തീകരണം നടക്കാതെ തന്നെ നീറ്റിൽ ഇറക്കി. പിന്നീട്, വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, ആയുധസംവിധാനം, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങി കപ്പലിനെ ഒരു സൈനികകപ്പലാക്കി മാറ്റാനുള്ള സുപ്രധാന ഘടകങ്ങളുടെ ക്രമീകരണം പൂർത്തീകരിച്ച ശേഷമാണ് ഇന്ന് ഐഎൻഎസ് വിക്രാന്തിനെ രാജ്യത്തിന് സമർപ്പിച്ചത്.

Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE