തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി താരം പിആർ ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി ശിവൻകുട്ടിയും വി അബ്‌ദുറഹ്‌മാനും തമ്മിലുള്ള തർക്കം മൂലം മാറ്റി. ചടങ്ങ് മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്‌ടറായ ശ്രീജേഷിന് സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്ന് ശിവൻകുട്ടിയും ഒളിമ്പിക്‌സ് മെഡൽ ജേതാവിന് സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്‌ദുറഹ്‌മാനും വാദിച്ചതോടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്.
ശ്രീജേഷിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നലെ സ്വീകരണം നൽകാനായിരുന്നു കായിക വകുപ്പിന്റെ തീരുമാനം. എന്നാൽ, മുഖ്യമന്ത്രി അസൗകര്യം അറിയിച്ചതോടെ ചടങ്ങ് മറ്റൊരു ദിവസം നടത്താമെന്ന് കായികവകുപ്പ് അറിയിച്ചു. ഇതിനിടെ, ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ് ശ്രീജേഷിന് നാളെ സ്വീകരണം നൽകാൻ തീരുമാനിച്ചു.
ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന ഉറപ്പും ലഭിച്ചു. സെൻട്രൽ സ്‌റ്റേഡിയത്തിൽ നിന്ന് ജിമ്മി ജോർജ് സ്‌റ്റേഡിയം വരെ ഘോഷയാത്രയും ആസൂത്രണം ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി ശിവൻകുട്ടി വാർത്താസമ്മേളനവും നടത്തി. എന്നാൽ, ഇതിനെതിരെ അബ്‌ദുറഹ്‌മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്നാണ് സ്വീകരണം മാറ്റിവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
Most Read| പ്രതിഷേധം ഫലം കണ്ടു; കരിപ്പൂരിലെ പാർക്കിങ് ഫീസ് വർധന മരവിപ്പിച്ചു