കണ്ണൂർ: കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്‌കരണങ്ങളുമായി ഡിഐജി. പോലീസുകാരോട് മേലുദ്യോഗസ്‌ഥർക്ക് മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും ഉണ്ടാവുക, സ്വന്തം ജൻമദിനവും, വിവാഹ വാർഷികവും ആഘോഷിക്കാൻ അവധി നൽകുക, പങ്കാളിയുടെയും മക്കളുടെയും ജൻമദിനത്തിലും അവധി പരിഗണിക്കുക തുടങ്ങിയവയാണ് ഡിഐജി രാഹുൽ ആർ നായർ പുറത്തിറക്കിയ പുതിയ സർക്കുലറിൽ പറഞ്ഞിരിക്കുന്ന പ്രധാന നിർദ്ദേശങ്ങൾ.
കൂടാതെ പോലീസുകാർ നല്ല പ്രവൃത്തികൾ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കാൻ പിശുക്ക് കാട്ടേണ്ടതില്ലെന്നും, അത് രേഖാപരമായി തന്നെ നൽകണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു. കാസർഗോസ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് പുതിയ പരിഷ്‌കരണം ബാധകമാവുക. മറ്റേത് ജോലിയെക്കാളും സമ്മർദ്ദം കൂടുതലാണ് പോലീസ് സേനയിലെന്ന് സർക്കുലറിൽ പറയുന്നു. മാനസിക പിരിമുറുക്കമില്ലാതെ ജോലി ചെയ്യുമ്പോഴാണ് സേനയുടെ കാര്യശേഷി കൂടുക.
സമയപരിധിയില്ലാതെയാണ് ജോലി. ഇക്കാര്യം പരിഗണിച്ച് വിശ്രമവും വ്യക്‌തിപരവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്ക് സമയം കിട്ടത്തക്ക വിധത്തിൽ ജോലി ക്രമീകരിക്കണമെന്നാണ് സർക്കുലറിലെ നിർദ്ദേശം. പോലീസ് ഉദ്യോഗസ്‌ഥർക്കോ അവരുടെ കുടുംബത്തിനോ വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ മേലുദ്യോഗസ്‌ഥർ മാനുഷിക പരിഗണനയോടെ സഹായിക്കണമെന്നാണ് നിർദ്ദേശം. ഇതിനുള്ള അപേക്ഷ കാലതാമസമില്ലാതെ പോലീസ് ആസ്‌ഥാനത്തേക്ക് അയക്കണം.
ഉദ്യോഗസ്‌ഥരുടെ വ്യക്‌തിഗത വിവരങ്ങൾ രജിസ്‌റ്ററിൽ സൂക്ഷിക്കണം. ജനന തീയതി, വിവാഹ തീയതി തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഡിഐജി തീരുമാനിച്ചിട്ടുണ്ട്. അതിനാണ് രജിസ്‌റ്റർ സൂക്ഷിക്കണമെന്ന വ്യവസ്‌ഥ ഉൾപ്പെടുത്തിയത്. മാർച്ച് ഒന്നിന് ഇതിന്റെ നിർവഹണം വിലയിരുത്താൻ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗവും ചേരും.
Most Read: ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി; സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം