തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ റിലേ നിരാഹാര സമരത്തിനൊരുങ്ങി ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് ട്രാൻസ്‌പോർട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരം നടത്തുന്നത്.
ജനറൽ സെക്രട്ടറിമാരായ ആർ ശശിധരനും ടി സോണിയുമാണ് നിരാഹാര സമരം തുടങ്ങുന്നത്. എൻകെ പ്രേമചന്ദ്രൻ എംപി ഉൽഘാടനം നിർവഹിക്കും. നിലവിൽ ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ അനിശ്‌ചിതകാല രാപ്പകൽ സത്യാഗ്രഹം നടക്കുകയാണ്. കഴിഞ്ഞ ജൂൺ 6ആം തീയതി മുതലാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത്.
ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, പതിനാറ് ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരിൽ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്‌ചിതകാല രാപ്പകൽ സത്യാഗ്രഹം നടക്കുന്നത്.
Read also: മാസ്‌ക് അഴിപ്പിച്ചത് മാദ്ധ്യമ സ്വാതന്ത്ര നിഷേധം; പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ