ന്യൂഡെൽഹി: ഹുറൂൺ മാഗസിൻ പുറത്തുവിട്ട 2024ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിൽ മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി വീണ്ടും ഒന്നാമത്. 55,000 കോടി രൂപയുടെ ആസ്‌തിയുമായി 40ആം സ്‌ഥാനത്താണ് ഇത്തവണ യൂസഫലി. കഴിഞ്ഞ ഒരുവർഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്‌തിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്‌തമാക്കി.
എംഎ യൂസഫലി, പട്ടികയിലെ പ്രവാസി ഇന്ത്യക്കാരിൽ ആദ്യ പത്തിലുമുണ്ട്. ഒരു വർഷത്തിനിടെ 52% വളർച്ചയോടെ 42,000 കോടി രൂപയുടെ ആസ്‌തിയുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസ് ആണ് മലയാളികളിൽ രണ്ടാമൻ. പട്ടികയിൽ 55ആം സ്‌ഥാനമാണ് അദ്ദേഹത്തിന്. ഇൻഫോസിസ് സഹസ്‌ഥാപകൻ എസ് ഗോപാലകൃഷ്‌ണനും കുടുംബവും 38,500 കോടി രൂപയുടെ ആസ്‌തിയുമായി മൂന്നാമതുണ്ട്. പട്ടികയിൽ 62ആം സ്‌ഥാനത്തും. ഇവരുടെ ആസ്‌തി ഒരുവർഷത്തിനിടെ 24% വർധിച്ചു.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ സിൽക്‌സിന്റെ മാനേജിങ് ഡയറക്‌ടർ ടിഎസ് കല്യാണരാമനും കുടുംബവും 37,500 കോടി രൂപയുടെ ആസ്‌തിയുമായി 65ആം സ്‌ഥാനത്താണ്. ഒരു വർഷത്തിനിടെ ആസ്‌തിയിൽ ഉണ്ടായ വർധന 122% ആണ്. മലയാളികളിൽ നാലാം സ്‌ഥാനത്തും. 31,500 കോടി രൂപയുടെ ആസ്‌തിയുമായി ദുബായ് ആസ്‌ഥാനമായ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനമായ ജെംസ് എഡ്യൂക്കേഷന്റെ സാരഥി സണ്ണി വർക്കി 85ആം സ്‌ഥാനത്തുണ്ട്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ