കൊച്ചി: അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷന് ഇന്ന് തിരശീല ഉയരും. ആറ് തിയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വൈകിട്ട് ആറ് മണിക്ക് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ മേള ഔദ്യോഗികമായി ഉൽഘാടനം ചെയ്യും.
21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അന്താരാഷ്‌ട്ര ചലച്ചിത്രമേള കൊച്ചിയില്‍ എത്തുന്നത്. തിങ്കളാഴ്‌ച മുതല്‍ ആരംഭിച്ച ഡെലിഗേറ്റ് പാസുകളുടെ വിതരണം ഏതാണ്ട് പൂര്‍ത്തിയായി. രാവിലെ ഒന്‍പത് മണി മുതല്‍ പ്രദര്‍ശനം ആരംഭിക്കും.
വൈകിട്ട് നടക്കുന്ന ഉൽഘാടന ചടങ്ങില്‍ മേളയുടെ 25 വര്‍ഷങ്ങളുടെ പ്രതീകമായി കെജി ജോര്‍ജിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ 24 യുവപ്രതിഭകള്‍ തിരിതെളിക്കും.
തിരുവനന്തപുരത്തെ മേളയിലെ 80 ചിത്രങ്ങള്‍ തന്നെയാകും കൊച്ചിയിലും പ്രദര്‍ശിപ്പിക്കുക. മൽസര വിഭാഗത്തില്‍ ആകെ 14 ചിത്രങ്ങളാണുള്ളത്. നാല് ഇന്ത്യന്‍ സിനിമകളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാകും മേളയുടെ നടത്തിപ്പ്. തിയേറ്ററിനുള്ളിലും മാസ്‌ക് നിര്‍ബന്ധമാണ്. അതേസമയം മേളയുടെ ഉൽഘാടന ചടങ്ങിൽ നിന്ന് സലിം കുമാറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കുന്നുണ്ട്.