ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധ സംഘത്തിന്റെ പരിഗണനയില്‍. രണ്ട് ഡോസുകള്‍ക്ക് ഇടയിലെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്‌തി മെച്ചപ്പെടുത്തുമെന്ന അന്താരാഷ്‌ട്രതല പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നത്.
വിഷയത്തില്‍ അടുത്തയാഴ്‌ച അന്തിമ തീരുമാനമുണ്ടാകും. പുനെയിലെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വിതരണം നടത്തുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള നാല്- ആറ് ആഴ്‌ചയില്‍ നിന്ന് ആറ്- എട്ട് ആഴ്‌ചയായി ഏപ്രിലില്‍ വര്‍ധിപ്പിച്ചിരുന്നു.
രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന വാക്‌സിന്‍ ക്ഷാമത്തിന് താൽകാലിക പരിഹാരം നല്‍കാന്‍ ഇടവേള ദീര്‍ഘിപ്പിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആദ്യഡോസ് നല്‍കാനായി വാക്‌സിന്‍ നീക്കി വെക്കാനാവും.
12 ആഴ്‌ചയുടെ ഇടവേളയില്‍ ഡോസുകള്‍ നല്‍കുന്നത് കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്‌തി 81.3 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ലാന്‍സെറ്റ് ജേണലില്‍ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുണ്ട്. ആറ് ആഴ്‌ചയുടെ ഇടവേളയില്‍ കോവിഷീല്‍ഡ് ഡോസുകള്‍ നല്‍കുമ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്‌തി 55.1 ശതമാനം മാത്രമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.
കോവിഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണന്ന് യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളില്‍ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് ഗുരുതര പാര്‍ശ്വഫലങ്ങൾ ഉണ്ടാവുകയോ ആരെങ്കിലും ചികിൽസ തേടുകയോ ചെയ്‌തിട്ടില്ലെന്ന് ആസ്ട്രസെനക വെബ്‌സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നു. ഡോസുകള്‍ക്കിടയിലെ ഇടവേള കൂടുമ്പോള്‍ വാക്‌സിന്റെ ഫലപ്രാപ്‌തി മെച്ചപ്പെടുന്നതായും ആസ്ട്രസെനക വ്യക്‌തമാക്കിയിട്ടുണ്ട്.
Read Also: കേന്ദ്രത്തിന് തിരിച്ചടി; കർണാടക ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി