ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,306 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 18,762 പേർ രോഗമുക്‌തി നേടിയപ്പോൾ 443 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
രാജ്യത്തെ രോഗമുക്‌തി നിരക്ക് 98.18 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.24 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.43 ശതമാനവുമാണ്. രാജ്യത്ത് ഇതുവരെ 60.07 കോടി കോവിഡ് ടെസ്‌റ്റുകളാണ് നടത്തിയത്.
അതേസമയം പുതിയ കേസുകളിൽ ഏറിയ പങ്കും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,538 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 79,100 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 11,366 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 71 പേർക്കുമാണ്.
നിലവിൽ 1,67,695 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 1 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിലെ സജീവ കേസുകൾ(0.49 ശതമാനം).
രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 102.27 കോടിയിലധികം വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: അനന്യ പാണ്ഡെയെ എൻസിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും