മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് നടിയെ എൻസിബി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അനന്യ പാണ്ഡെയെ എൻസിബി ചോദ്യം ചെയ്യലിന് ആദ്യം വിളിപ്പിച്ചത്. അന്നേദിവസം രണ്ട് മണിക്കൂറിലേറെ അനന്യയെ ചോദ്യം ചെയ്‌തിരുന്നു. കൂടാതെ അവരുടെ ലാപ്‌ടോപ്പും രണ്ട് മൊബൈൽ ഫോണുകളും എൻസിബി പിടിച്ചെടുത്തിരുന്നു. ഇവ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നാണ് വിവരം. കേസിൽ കസ്‌റ്റഡിയിൽ കഴിയുന്ന ആര്യൻ ഖാനുമായി വാട്‍സ്ആപ്പിൽ ചാറ്റ് ചെയ്‌തത് അനന്യയാണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ.
വെള്ളിയാഴ്‌ച രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയും ഏകദേശം നാല് മണിക്കൂറോളം അനന്യയെ ചോദ്യം ചെയ്യുകയും ചെയ്‌തു. എന്നാൽ ഈ ചോദ്യം ചെയ്യലിൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതിനാലാണ് ഇന്ന് വീണ്ടും അനന്യയെ വിളിപ്പിച്ചതെന്നും എൻസിബി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, എൻസിബിക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്‌ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സമീർ വാങ്കഡെ മുംബൈ പോലീസ് കമ്മീഷണർക്ക് കത്ത് നൽകി.
Most Read: മധ്യപ്രദേശിൽ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയിലേക്ക് ചേക്കേറി